കൊല്ലം: രാഷ്ട്രീയ ആവേശം അലതല്ലിയ തദ്ദേശതെരഞ്ഞെടുപ്പിന്റെ വിധിനിർണയിക്കാൻ നാടൊട്ടാകെ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ് സമയം.
വോട്ടുചെയ്യുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്കു ആറുമാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് നല്കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ താത്കാലിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
ജില്ലയിലെ 22,54,848 വോട്ടര്‍മാരാണ് വിധി നിർണയിക്കാൻ പോളിംഗ് ബൂത്തിലേക്ക് എത്തും. 68 പഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും നാലു നഗരസഭകളും കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 85 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1698 നിയോജകമണ്ഡലം/വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് ഇന്നു നടക്കുന്നത്. ജില്ലയില്‍ 5652 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തു നിറഞ്ഞുനിൽക്കുന്പോൾ 10,43,920 പുരുഷന്മാരും 12,10,905 സ്ത്രീകളും 23 ട്രാന്സ്ജെണ്ടര്മാരും വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തും.
ജില്ലാ പഞ്ചായത്ത്-98, ബ്ലോക്ക് പഞ്ചായത്ത്-523, പഞ്ചായത്ത്-4402, കോര്പറേഷന്-202, നഗരസഭ-427 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ നിര. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3264 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.
1698 വാര്‍ഡുകളിലായി 2720 പോളിംഗ് സ്റ്റേഷനുകളുണ്ട്. 61 പ്രശ്നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി.തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രശ്നബാധിത ബൂത്തുകള്‍ സന്ദര്‍ശിച്ചു പൊതുനിരീക്ഷകന്‍ സബിന്‍ സമീദ്.
ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും പരിശോധിച്ചു സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി.
ചവറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകള്‍. ജില്ലയിലാകെ 61 പ്രശ്നബാധിത ബൂത്തുകളാണുള്ളത്.
മലയോരമേഖലയിൽ 33 പ്രശ്നബാധിത ബൂത്തുകൾ
അഞ്ചൽ : അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എട്ട് പഞ്ചായത്തുകളിലേക്കും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലേക്കും മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂര്‍, അലയമണ്‍, അഞ്ചല്‍, ഇടമുളക്കല്‍, കരവാളൂര്‍ പഞ്ചായത്തുകളിലേക്കും, ജില്ലാ പഞ്ചായത്ത് കുളത്തൂപ്പുഴ, അഞ്ചല്‍, കരവാളൂര്‍ ഡിവിഷനുകളിലേക്കും ബ്ലോക്ക് പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കും ഇന്ന് ജനഹിതം രേഖപ്പെടുത്തും. കുളത്തൂപ്പുഴയില്‍ ഒന്‍പത്, ഏരൂരില്‍ എട്ട്, അലയമണ്‍ നാല് എന്നിങ്ങനെ വിവിധ പഞ്ചായത്തുകളിലായി 33 പ്രശ്ന ബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവിടങ്ങളില്‍ ലോക്കല്‍ പോലീസിന് പുറമെ കേന്ദ്ര സേനയോ അല്ലെങ്കില്‍ കൂടുതല്‍ പോലീസ് വിന്യാസമോ ഉണ്ടാകും. വോട്ടെണ്ണൽ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലാണ്.
വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ രാത്രിയോടെ പ്രത്യേകം സജ്ജീകരിച്ച സ്ട്രോംഗ് റൂമിലെത്തിക്കും.
ക്രമീകരണങ്ങള്‍ സുസജ്ജം: കളക്ടര്‍
കൊല്ലം: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കുറ്റമറ്റരീതിയില്‍ സജ്ജമാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്. ജില്ലയിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു സംവിധാനങ്ങളെല്ലാം വിലയിരുത്തി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായി വീഡിയോഗ്രഫിക്കായി സ്ഥാനാര്‍ഥികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ബസുകളും മിനി ബസുകളും കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1161 വാഹനങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സജ്ജമാക്കിയെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സുരക്ഷിതവും സുഗമവുമായി നടത്തുന്നതിന് ജില്ലയില്‍ 5136 പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു.
സിറ്റിയില്‍ എട്ട് ഡിവൈഎസ്പിമാര്‍ 33 ഇന്‍സ്പെക്ടര്‍മാര്‍, 173 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1781 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 414 സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. റൂറല്‍ മേഖലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ 237 പോലീസ് ഉദ്യോഗസ്ഥരെയും ഇലക്ഷന് സബ് ഡിവിഷനുകളില്‍ 96 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.പോളിംഗിനുശേഷം സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും.
q
ഇതേകേന്ദ്രങ്ങളില്‍ 13ന് വോട്ടെണ്ണല്‍. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടപടികളെല്ലാം. സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവിഭാഗങ്ങളുടേയും സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
പരാതികളിലെല്ലാം നടപടി
കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളിലെല്ലാം നടപടി സ്വീകരിച്ചെന്ന് ചേമ്പറില്‍ ചേര്‍ന്ന നീരീക്ഷണസമിതിയോഗത്തില്‍ ചെയര്‍മാനും ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് ഭൂരിഭാഗം പരാതികളും. അവയെല്ലാം ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് മുഖാന്തിരം നീക്കംചെയ്തു. 2000 ത്തോളമാണ് മാറ്റിയത്.
താത്ക്കാലിക ഡ്രൈവര്‍ സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നുവെന്ന പരാതി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്കു കൈമാറി റിപ്പോര്‍ട്ട് തേടി.
അനുമതിയില്ലാതെ വാഹനത്തിലൂടെ മൈക്ക് പ്രചാരണം എന്ന പരാതി പോലീസിനും മോട്ടര്‍വാഹന വകുപ്പിനും കൈമാറിയാണ് നടപടി സ്വീകരിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ലഘുലേഖകളുടെ വിതരണത്തിനെതിരെയും നടപടിയെടുത്തു.
പ്രചാരണവസ്തുക്കള്‍ നശിപ്പിക്കുന്നുവെന്ന ആക്ഷേപത്തില്‍ നടപടിക്കായി ബന്ധപ്പെട്ട വരണാധികാരിയെ ചുമതലപ്പെടുത്തി. നിശബ്ദപ്രചാരണ വേളയില്‍ ഫോണുകള്‍ മുഖേന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ നിര്‍ത്തിവയ്ക്കുന്നതിനു നടപടി സ്വീകരിച്ചു.
സഹപ്രവര്‍ത്തകനായ സ്ഥാനാര്‍ഥിക്കുവേണ്ടി സ്കൂള്‍ അധ്യാപിക വാട്ട്സ്ആപ് ഗ്രൂപ് വഴി പണപ്പിരിവ് നടത്തിയെന്ന ആക്ഷേപം മുന്‍നിറുത്തി അന്വേഷിച്ച് വിവരം നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും അറിയിച്ചു.
സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സുബോധ്, അംഗങ്ങളായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ, സ്പെഷല്‍ ബ്രാഞ്ച് എസിപി പ്രതീപ് കുമാര്‍, റൂറല്‍ ഡിവൈഎസ്പി രവിസന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബാലറ്റ് ലേബലുകള്‍: വെള്ള, പിങ്ക്, നീല
നിറങ്ങളില്‍ വോട്ടു ചെയ്യേണ്ടത് ഇങ്ങനെ...
Tags : polling booth