പട്ടണക്കാട്ട് സ്കൂളിലെ നവീന വിദ്യാഭ്യാസ സമുച്ചയം.
തുറവൂർ: പട്ടണക്കാട് എസ്സിയു ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച നവീന വിദ്യാഭ്യാസ സമുച്ചയം ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. കേരള സർക്കാരിന്റെ നവകേരളം കർമ പദ്ധതിയുടെ രണ്ടാം ഘട്ടമായ വിദ്യാകിരൺ മിഷന്റെ ഭാഗമായി മൂന്നുകോടി തൊണ്ണൂറു ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണികഴിപ്പിച്ചത്.
2023 മെയ് മാസത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തറക്കല്ലിട്ട പദ്ധതിയാണ് രണ്ടു വർഷവും ഒൻപതു മാസവും കൊണ്ട് പൂർത്തിയായത്.
മൂന്നു നിലകളുള്ള പുതിയ കെട്ടിടത്തിൽ ശുചിമുറി സൗകര്യത്തോടുകൂടിയ പതിനെട്ട് വിശാല പഠനമുറികളും ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഏകദേശം രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് പുതിയ കെട്ടിടം വലിയ അടിസ്ഥാന സൗകര്യ വികസനമാണ് സമ്മാനിക്കുന്നത്.
സംസ്ഥാനതലത്തിൽ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ച് ശ്രദ്ധേയ നേട്ടം പുലർത്തുന്നുണ്ട്. അക്കാദമിക മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും സ്ഥാപനം മുന്നിട്ടുനിൽക്കുന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അജി ഇടപ്പുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ പഞ്ചായത്തംഗം സന്ധ്യ ബെന്നി ഉദ്ഘാടനം ചെയ്തു. രക്ഷാകർതൃ-അധ്യാപക സംഘടന പ്രസിഡന്റ് വി.കെ. സാബു വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സി.ബി മോഹൻദാസ്, പഞ്ചായത്തംഗങ്ങളായ ടി. ഡി. പ്രമോദ്, പി.ഡി. ബിജു, പി. പ്രസാദ്, എൻ.ജി. ദിനേശ് കുമാർ, വിനോദ് കോയിക്കൽ, അബ്ദുൽ സത്താർ, സി.ആർ. രാജേഷ്, നിഷ സുരേഷ്, വി. ശിവകല എന്നിവർ പ്രസംഗിച്ചു.