തിരുവഴിയാട് കടുത്ത വളവ് മാറ്റുന്നതിനായി പൊളിച്ചുമാറ്റേണ്ട അമ്പലവും മാറ്റുന്ന വിഗ്രഹം സ്ഥാപിക്കുന്നതിനായി താത്കാലികമായി ഒരുക്കുന്ന ക്ഷേത്രവും.
നെന്മാറ: മൂന്നുവർഷംമുന്പ് ആരംഭിച്ച നെന്മാറ-ഒലിപ്പാറ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയാകാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. 10.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പണി സമയബന്ധിതമായി തീർക്കാമെന്ന ഉറപ്പിൽ ആരംഭിച്ചെങ്കിലും ഇപ്പോൾ മന്ദഗതിയിലായിരിക്കുകയാണ്.
അഞ്ചര മീറ്റർ വീതിയിൽ ടാറിംഗ് നടത്തേണ്ട പദ്ധതിയിൽ തിരുവഴിയാട് മുതൽ പട്ടുകാട് വരെയുള്ള ഭാഗങ്ങളിൽ മാത്രമാണ് പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രണ്ടാംഘട്ട ടാറിംഗ് ഈ മാസം കഴിയുന്നതോടെ കയറാടി ഉദയം ക്ലബ് വരെ എത്തിക്കാമെന്നായിരുന്നു കരാർ. എന്നാൽ ടാറിംഗ് നടപടികളുടെ അടിസ്ഥാന ഘട്ടങ്ങൾ പോലും പൂർത്തിയാക്കാനായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വകുപ്പ് അധികൃതരും കെ. ബാബു എംഎൽഎയും നെന്മാറ - ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ ഷെഡ്യൂൾ അനുസരിച്ച് പണി പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും അതിന് തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
അപകടങ്ങൾ പതിവാകുന്ന റോഡിന്റെ തകർന്ന അവസ്ഥ മൂലം ബൈക്ക് യാത്രക്കാർക്ക് അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം മുൻ പഞ്ചായത്ത് അംഗവും കയറാടി സ്വദേശികളായ രണ്ടു പേരും കരിങ്കുളത്തിനു സമീപം ബൈക്കിൽ നിന്ന് വീണ് കൈക്കും കാലിനും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു. സമാന അപകടങ്ങൾ പതിവ് സംഭവങ്ങളായിത്തീർന്നതോടെ നാട്ടുകാർ ആശങ്കയിലാണ്. ഗതാഗത തടസങ്ങൾ നീക്കാതെ തിരുവഴിയാട് മന്ദത്ത് കോഴിക്കാട് ഭഗവതിയുടെ അമ്പലത്തിലെ വിഗ്രഹം കഴിഞ്ഞ ദിവസം താത്കാലികമായി പണിത ക്ഷേത്രത്തിലേക്ക് മാറ്റിസ്ഥാപിച്ചു. ഇതോടെ റോഡിലെ കടുത്ത വളവ് പരിഹരിക്കാനാകുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്.
എങ്കിലും വാഹനയാത്രയ്ക്ക് കാഴ്ചമറയ്ക്കുന്ന ചെറുതും വലുതുമായ മരങ്ങൾ മുറിച്ചുമാറ്റാത്തതും ഗതാഗതത്തിന് തടസമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി തുടരുകയാണ്.
ക്വാറികളുടെ പണിമുടക്ക് മൂലം പണിസാമഗ്രികൾ ലഭിക്കുന്നതിൽ തടസം നേരിടുന്നതാണ് പ്രവർത്തനങ്ങൾ വൈകുന്നതിനുള്ള പ്രധാന കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഷെഡ്യൂൾ ചെയ്ത സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും അവർ പറയുന്നു. റോഡിന്റെ ദയനീയാവസ്ഥക്കെതിരെ നെന്മാറ-ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റിയുടെ േതൃത്വത്തിൽ ശക്തമായ ജനകീയപ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
തുടർന്ന് കെ. ബാബു എംഎൽഎയുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരിപ്പുസമരവും നടന്നു. സമരത്തെതുടർന്ന് കോൺട്രാക്ടർ ഘട്ടംഘട്ടമായി പണി പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പ്രവർത്തന പുരോഗതിയിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ ശോചനീയാവസ്ഥ ദിനംപ്രതി അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് പണി വേഗത്തിലാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
സമയബന്ധിതമായി റോഡ് നവീകരണം പൂർത്തിയാക്കാതെ പോയാൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.