ടാറിംഗ് പുരോഗമിക്കുന്ന നെന്മാറ- ഒലിപ്പാറ പാത.
നെന്മാറ: രണ്ടരവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ നെന്മാറ–ഒലിപ്പാറ റോഡിൽ ആദ്യഘട്ട ടാറിംഗ് പ്രവർത്തനം ആരംഭിച്ചു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിൽ പ്രതിഷേധിച്ച് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ ഇടപെടലിനെതുടർന്ന് പ്രവൃത്തികൾ തകൃതിയിൽ നടക്കുന്നു.
തീരുമാനം പ്രദേശവാസികൾക്ക് ആശ്വാസമായി. 2023 ൽ കേന്ദ്ര സർക്കാരിന്റെ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി 10.8 കിലോമീറ്റർ ദൂരം 16.5 കോടി ചെലവഴിച്ച് ദേശീയപാത നിലവാരത്തിലേക്ക് റോഡ് നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ കരാർ കാലാവധി മൂന്ന്തവണ നീട്ടി നൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ഇതിനെ തുടർന്നാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ, നെന്മാറ ബ്ലോക്ക് പഞ്ചായത്തംഗം എസ്. വിനോദ്, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ. രഘുകുമാർ, എസ്.എം. ഷാജഹാൻ, സി.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.
നെന്മാറ-ഒലിപ്പാറ റോഡിന്റെ 10.8 കിലോമീറ്റർ ദൂരം പൂർത്തീകരിക്കുമെന്ന ഉറപ്പ് ലഭിക്കുന്നതിനും പ്രവൃത്തിയുടെ ഘട്ടമായി നടത്തുന്ന പണികളുടെ ഷെഡ്യൂൾ നൽകണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് നടത്തിയ പ്രതിഷേധത്തിന്റെ ഫലമായി കഴിഞ്ഞദിവസം ആക്ഷൻ കമ്മിറ്റിക്ക് നൽകിയ ഷെഡ്യൂൾ ബന്ധപ്പെട്ട അധികാരികൾ നേരിൽ വന്ന് ഉറപ്പ് നൽകണമെന്ന ആവശ്യം പിഡബ്ല്യുഡി എൻഎച്ച് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൾഗഫൂർ നെന്മാറ ടിബിയിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ വിളിച്ച് വരുത്തിയ യോഗത്തിൽ എഎക്സ് ഇ സുനിൽകുമാർ, എഇ സ്മിത, സിഐ അനീഷ് എന്നിവരും പങ്കെടുത്തു. ആക്ഷൻ കമ്മിറ്റിയുടെ ഉന്നയിച്ച ആവശ്യങ്ങൾക്ക് പിന്തുണയും നൽകിയതിന്റെ ഉറപ്പിൽ പ്രവൃത്തികൾ പൂർത്തിയാക്കാനും തീരുമാനിക്കുകയായിരുന്നു.