നിര്‍മാണം പുരോഗമിക്കുന്ന നെയ്യാറ്റിന്‍കര സ്മാര്‍ട്ട് കൃഷി ഭവന് കെട്ടിടം.
നെയ്യാറ്റിൻകര: പവിത്രാനന്ദപുരം നഗറില്‍ നെയ്യാറ്റിന്‍കര സ്മാര്‍ട്ട് കൃഷി ഭവന് മന്ദിരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നബാര്‍ഡ് ആർഐഡിഎഫ് ഫണ്ടിലെ 1.50 കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം നിര്‍മിക്കുന്നത്. ഓഫീസ്, സ്റ്റോര്‍ റൂം, ട്രെയിനിംഗ് ഹാള്‍, ഇക്കോ ഷോപ്പ് മുതലായവ ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം. മുകളിലായി പോളി ഹൗസും ഒരുക്കും. ചുറ്റുമതിലും കിണറും വാഹന പാര്‍ക്കിംഗ് സൗകര്യവും കവാടവും അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പദ്ധതിയിലുണ്ട്. തൊഴുക്കലിനു സമീപം പവിത്രാനന്ദപുരം നഗറിലെ പ്രീ -മെട്രിക് ഹോസ്റ്റലിനോട് ചേര്‍ന്ന് നഗരസഭ അനുവദിച്ച 10 സെന്റ് വസ്തുവിലാണ് സ്മാര്‍ട്ട് കൃഷി ഭവന് കെട്ടിടം നിര്‍മിക്കുന്നത്. കെഎല്ഡിസിക്കാണ് നിര്‍മാണ ചുമതല. ഒക്ടോബറിലാണ് കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
നിലവില്‍ ഏറെ പരിതാപകരമായ അവസ്ഥയിലുള്ള കെട്ടിടത്തിലാണ് കൃഷി ഭവന്റെ പ്രവര്‍ത്തനം. നഗരസഭ കൃഷി ഭവന്റെ ശോച്യാവസ്ഥ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി ഭവന് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കര്‍ഷകരുടെയും ദീര്‍ഘനാളത്തെ ആവശ്യമായ സുരക്ഷിത കെട്ടിടം പുതിയ സാന്പത്തിക വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.