ഇന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന നിളാ ഹെറിറ്റേജ് മ്യൂസിയം.
മലപ്പുറം: നിളാ നദിയുടെയും പൊന്നാനി ഉൾപ്പെടുന്ന വള്ളുവനാടിന്റെയും ചരിത്ര സാംസ്കാരിക പൈതൃകവുമായി നിലകൊള്ളുന്ന നിള സംഗ്രഹാലയം ഇന്നു നാടിനു സമർപ്പിക്കും. ഭാരതപ്പുഴയുടെ തീരത്താണ് ലോകോത്തര നിലവാരത്തിൽ നിളാ ഹെറിറ്റേജ് മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി 7.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിള സംഗ്രഹാലയം നാടിന് സമർപ്പിക്കും. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷനായിരിക്കും.
മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് 2.5 കോടിയും ടൂറിസം വകുപ്പിൽനിന്ന് 5.5 കോടിയും വിനിയോഗിച്ചാണ് നിർമാണം. ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല.
നിളാനദിയുടെ ഉത്ഭവം മുതൽ വന്നേരി നാട് മുതൽ വള്ളുവനാട് വരെ നീളുന്ന സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനാണ് കലാഗ്രാമം വഴിയൊരുക്കുന്നത്. ഇഎംഎസിന്റെയും പൊന്നാനി ബീഡി തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ കെ. ദാമോദരന്റെയും പൊന്നാനി സാഹിത്യകളരിയിലെ പ്രമുഖരുടെയും ശില്പങ്ങൾ മ്യൂസിയത്തിന്റെ ആകർഷണമാണ്.
കാഴ്ചപരിമിതർക്കും ആസ്വദിക്കാവുന്ന വിധത്തിൽ സജ്ജമാക്കിയ രാജ്യത്തെ ആദ്യ ബ്ലൈൻഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. വാസ്കോഡ ഗാമയും സാമൂതിരിയും മുതൽ പൊന്നാനിയുടെ മതേതര പാരന്പര്യത്തിന്റെ പ്രതീകങ്ങളായ വലിയ ജുമുഅത്ത് മസ്ജിദും തൃക്കാവ് ക്ഷേത്രവുമെല്ലാം മ്യൂസിയത്തിലുണ്ട്. രണ്ടേക്കറിൽ 17000 ചതുരശ്ര അടിയിലാണ് മ്യൂസിയം.
പൊന്നാനിയുടെ പൗരാണിക ചരിത്രത്തിന്റെ ഭാഗമായിരുന്ന പാണ്ടികശാല, സാംസ്കാരിക നായകർ ഒത്തുകൂടിയിരുന്ന ഭാരതപ്പുഴയിലെ മോത്തിലാൽ ഘട്ട്, പൊന്നാനിയിലെ സാഹിത്യപ്രതിഭകളായിരുന്ന ഉറൂബ്, ഇടശേരി, കെ.സി.എസ്. പണിക്കർ, പദ്മിനി, മുസ്ലിം നവോത്ഥാന നായകരായിരുന്ന ഉമർഖാസി, മഖ്ദൂമുമാർ, കുഞ്ഞാലി മരക്കാർ, സ്വാതന്ത്ര്യസമര സേനാനികൾ, പൊതുപ്രവർത്തകരായിരുന്ന ഇ.കെ. ഇന്പിച്ചിബാവ, ഇ. മൊയ്തു മൗലവി, പി. കൃഷ്ണപണിക്കർ തുടങ്ങിയവരെയെല്ലാം പുതുതലമുറക്ക് കലാഗ്രാമത്തിലൂടെ അടുത്തറിയാം. ഭാരതപ്പുഴക്ക് അഭിമുഖമായി നിളയോര പാതയിൽനിന്നാണ് പ്രവേശന കവാടം.
Tags : Local News Nattuvishesham Malappuram