നിലന്പൂർ: ശുചിത്വ സുന്ദര നഗരസഭയായി മാറാനൊരുങ്ങി നിലന്പൂർ. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. കനോലി പ്ലോട്ടിന് സമീപം വടപുറം നഗരസഭാ കവാടത്തിലാണ് ശുചീകരണ പ്രവൃത്തിക്ക് ആദ്യഘട്ടത്തിൽ തുടക്കമായത്.
കെഎൻജി റോഡിന്റെ വടപുറം മുതൽ കരിന്പുഴ വരെയും പക്കോട്ടുംപാടം റോഡിൽ ചന്തക്കുന്ന് മുതൽ റെയിൽവേ സ്റ്റേഷൻ വരെയും ശുചീകരിക്കാനാണ് തീരുമാനം. നഗരസഭയെ മാലിന്യ മുക്തമാക്കാനും സൗന്ദര്യവത്കരിക്കാനും കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് പറഞ്ഞു.
നഗരസഭ വളപ്പിലെ മാലിന്യ സംസ്കരണ കേന്ദ്രം മാറ്റും. ഇതിനായി വേറെ സ്ഥലം കണ്ടെത്തി. രണ്ട് ദിവസങ്ങളിലായി നിലന്പൂരിൽ നടക്കുന്ന ടൂറിസം കോണ്‍ക്ലേവിന്റെ ഭാഗമായാണ് അടിയന്തര നടപടി.
വൈസ് ചെയർമാൻ കൂമഞ്ചേരി നാണിക്കുട്ടി, കൗണ്‍സിലർമാരായ ഫ്രാൻസിസ് അന്പലത്തിങ്ങൽ, മിനി സ്കറിയ, മുസ്തഫ കളത്തുംപടിക്കൽ, അടുക്കത്ത് ഇസഹാഖ്, ഷഫീഖ് മണലോടി, പി.ടി.നാണി, ശ്രീജാചന്ദ്രൻ, ഹരിത സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ മാലിന്യങ്ങൾ നീക്കുന്നതിന് നേതൃത്വം നൽകി.