തൊടുപുഴ: മൃഗസംരക്ഷണ മേഖലയില്‍ മിന്നുംവിജയം നേടി മുന്നേറുന്ന നിഷ ബെന്നി കാവനാലിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 2024ലെ മികച്ച സമ്മിശ്ര ഫാം കര്‍ഷകയ്ക്കുള്ള പുരസ്കാരം. ശാസ്ത്രീയവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് നിഷ നടത്തുന്ന കാവനാല്‍ ഫാം ക്ഷീരമേഖലയില്‍ ഉള്‍പ്പെടെ കാര്‍ഷിക കേരളത്തിന് മികച്ച മാതൃകയാണ്.
എച്ച്എഫ്, ജേഴ്സി തുടങ്ങിയ വിദേശ ഇനങ്ങളും ഗിര്‍, പുങ്കനൂര്‍, വെച്ചൂര്‍ തുടങ്ങിയ തനത് ഇനങ്ങളുമുള്‍പ്പെടെ 187 പശുക്കളാണ് ഫാമിലുള്ളത്. ഇതിനുപുറമേ 157 ആടുകളും മുന്നൂറിലധികം പന്നികളും നാടന്‍ കോഴി, താറാവ്, ഗള്ഗം, വാത്ത, ഗിനി തുടങ്ങി വിവിധയിനം പക്ഷികളും കുതിരകളും നിഷയുടെ വിശാലമായ ഫാമിലുണ്ട്.
ദിവസേന 1100 ലിറ്റര്‍ പാല് സൊസൈറ്റിയില്‍ നല്കുന്ന നിഷ, പാലിന് പുറമേ നെയ്യ്, പനീര്‍, തൈര്, വെണ്ണ എന്നീ മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. ഓട്ടോമാറ്റിക് മില്‍ക്കിംഗ് മെഷീന്, ചാഫ് കട്ടറുകള്‍, സ്വന്തമായി ഫീഡ് പ്ലാന്റ് എന്നിവവഴി അധ്വാനം ലഘൂകരിച്ചാണ് ഫാം പ്രവര്‍ത്തിക്കുന്നത്.
മാലിന്യ സംസ്കരണത്തിനായി ചാണകം ഉണക്കുന്ന യന്ത്രവും നാല് ബയോഗ്യാസ് പ്ലാന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍നിന്നാണ് ഫാമിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഓര്‍ഗാനിക് എന്ന ബ്രാന്‍ഡില്‍ ജൈവവളങ്ങള്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്നതിലൂടെ മികച്ച അധികവരുമാനവും ഇവര്‍ കണ്ടെത്തുന്നുണ്ട്. 25 പേര്‍ക്ക് സ്ഥിരമായി തൊഴിലും നല്‍കുന്നുണ്ട്.
എറണാകുളം പുത്തന്‍കുരിശ് സ്വദേശിയും കോണ്‍ട്രാക്ടറുമായ ഭര്‍ത്താവ് കാവനാല്‍ ബെന്നിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറപ്പുഴയില്‍ 23.5 ഏക്കര്‍ സ്ഥലം വാങ്ങി കൃഷിയാരംഭിച്ചത്. തെങ്ങ്, ജാതി, കമുക്, പഴവര്‍ഗങ്ങള്‍ എന്നിവയുടെ സമ്മിശ്ര കൃഷിയാണ് ഇവിടെയുള്ളത്. 2010ലാണ് നിഷ ഫാം ആരംഭിച്ചത്. ഇതിനു മുമ്പും നിഷയെ തേടി ഒട്ടേറെ പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. 2016ല്‍ ക്ഷീര വികസന വകുപ്പിന്റെ മികച്ച ക്ഷീര സഹകാരി അവാര്‍ഡ് ലഭിച്ചു. 2016മുതല്‍ 2022 വരെ തുടര്‍ച്ചയായി ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ടു. 2023 -ല്‍ സംസ്ഥാന ക്ഷേമനിധി ബോര്‍ഡിന്റെ അവാര്‍ഡും ലഭിച്ചു.
ഭര്‍ത്താവ് ബെന്നിക്കു പുറമേ മകന് ആല്‍ബിയും അനീറ്റയും അലീനയും ഫാം പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. സൗത്ത് വഴിത്തല ക്ഷീരസംഘം പ്രസിഡന്റുകൂടിയാണ് ബെന്നി. 25ന് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ നിഷ പുരസ്കാരം ഏറ്റുവാങ്ങും.
Tags : nattu vishesham Nisha Benny wins award