കോഴിക്കോട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത നേതൃത്വം.
ഇന്ത്യയുടെ വോട്ടര്‍പട്ടിക ശുദ്ധീകരിക്കണമെന്നതില് യാതൊരു സംശയവുമില്ല. തെറ്റുകള്‍ പരിഹരിച്ച് അനര്‍ഹരായവരെ ഒഴിവാക്കി ജനാധിപത്യത്തിന്റെ കാവലാളായ വോട്ടര്‍മാരെ മാത്രം കണ്ടെത്തേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. അനധികൃത കുടിയേറ്റക്കാര്‍ അടക്കമുള്ള ആളുകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കേണ്ടതാണ്. യഥാര്‍ഥ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതും ശരിയായ രേഖകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യിക്കുന്നതും കൃത്യമായ രീതിയാണ്.
കേരളത്തില്‍ ഉണ്ടെന്നു കരുതുന്ന 40 ലക്ഷത്തിലധികം വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള ആളുകള്‍ക്ക് വോട്ട് നഷ്ടപ്പെടാതിരിക്കാനും അനധികൃതമായി ഇതരസംസ്ഥാന തൊഴിലാളി എന്ന പേരില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുവരെ ഇവിടെ എത്തിച്ചേര്ന്നിട്ടുള്ളവരെ കണ്ടെത്തി ഒഴിവാക്കാനും എസ്ഐആര്‍ സഹായിക്കും.
കേരളത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ അബദ്ധങ്ങളും അപകടങ്ങളും കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ട ഉത്തരവാദിത്വം ഇലക്ഷന് കമ്മീഷനുതന്നെയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ചാക്കോ കാളംപറമ്പില്‍, ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍ തുടങ്ങിയവര്‍ വിശദീകരിച്ചു.
Tags : Catholic Congress Local News Kozhikode Nattuvishesham