പത്തനാപുരം: ആരും തിരിഞ്ഞുനോക്കാനില്ല, പണി കഴിപ്പിച്ചവർ ശ്രദ്ധിക്കുന്നില്ല അതുകൊണ്ടുമാത്രം കുണ്ടയം മൂലക്കടയിൽ പണികഴിപ്പിച്ച വ്യവസായ എസ്റ്റേറ്റ് കാട് മൂടിയിട്ടു രണ്ട് വർഷമായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കു സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി കൊട്ടിഘോഷിച്ചു പ്രഖ്യാപനം നടത്തി ആരംഭിച്ചതാണ് ഈ കെട്ടിടം.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സെന്റിനു ലക്ഷത്തിലധികം വിലനൽകി ഒന്നര ഏക്കറോളം ഭൂമി സ്വകാര്യ വ്യക്തിയിൽ നിന്നും ജില്ല പഞ്ചായത്ത് വാങ്ങിയത്. പിന്നീടു നാലു കെട്ടിടങ്ങൾ ഇവിടെ നിർമിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ വനിതകൾക്ക് ഐടി പാർക്കിനായി പ്രത്യേക ബ്ലോക്കും നിർമിച്ചു.
2023 ജനുവരി നാലിനു വ്യവസായ എസ്റ്റേറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനു ജില്ലാപഞ്ചായത്ത് നിരവധിതവണ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ട് വരാത്തതു തിരിച്ചടിയായി. ഇതോടെ വൻ തൊഴിൽസാധ്യതയുമായി ജില്ലാപഞ്ചായത്ത് പണി പൂർത്തിയാക്കിയ വ്യവസായ എസ്റ്റേറ്റ് കെട്ടിടങ്ങൾ കാട് മൂടി തുടങ്ങി.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കു മാത്രമായി പദ്ധതി തയാറാക്കിയതാണ് വ്യവസായ എസ്റ്റേറ്റിൽ സംരംഭങ്ങൾ തുടങ്ങാൻ തടസമായത്. വൻതുക മുടക്കി സംരംഭങ്ങൾ തുടങ്ങാൻ പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകൾക്കു കഴിയാതെ വന്നതോടെ മാസങ്ങൾക്കുമുമ്പ് സർക്കാർ അനുമതിയോടെ ചട്ടഭേദഗതി വരുത്തി.
വ്യവസായ എസ്റ്റേറ്റിനായി നിർമിച്ച കെട്ടിടങ്ങളുടെ ഒരു ഭാഗം ജനറൽ വനിതാ വിഭാഗത്തിനു സംരംഭങ്ങൾ തുടങ്ങാൻ അനുമതി നൽകുന്ന രീതിയിലാണ് ഭേദഗതി വരുത്തിയത്. എന്നാൽ തുടർനടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് ആയിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മിക്ക പദ്ധതികളും ഉദ്ഘാടനം ചെയ്തു പോകുമ്പോൾ രണ്ട് വർഷം മുമ്പ് ഉദ്ഘാടനം നടത്തിയ വ്യവസായ എസ്റ്റേറ്റ് അടഞ്ഞുകിടക്കുന്നതിനെ കുറിച്ചു മറുപടി പറയാനാകാതെ അധികൃതരും ഇരുട്ടിൽ തപ്പുകയാണ്.