സുൽത്താൻ ബത്തേരി: കാലാവസ്ഥ അനുകൂലമായതോടെ ഈ വർഷം കൊയ്ത്ത് സീസണ് സമൃദ്ധമായിരുന്നു. വയലുകളിൽ വൈക്കോൽ സുലഭമായി.യന്ത്രങ്ങളുടെ സഹായത്തോടെ വൈക്കോൽ കെട്ടുകളാക്കി വിൽപ്പനയ്ക്കായി വയലുകളിൽ ഒരുക്കിയിരുന്നെങ്കിലും ആവശ്യക്കാരുടെ അഭാവം കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പശുപാലന മേഖലയിലെ ആവശ്യകത കുറഞ്ഞതും പുറത്തുനിന്ന് കുറഞ്ഞനിരക്കിൽ വൈക്കോൽ എത്തുന്നതുമാണ് വിൽപ്പന മന്ദഗതിയിലാകാൻ കാരണമെന്ന് കർഷകർ പറയുന്നു. പലർക്കും പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്ന് മാത്രമല്ല സംഭരണച്ചെലവും തൊഴിലാളി ചെലവുംകൂടി കയ്യിൽ നിന്ന് ചെലവാക്കേണ്ടി വന്നു. ഇതിനിടയിൽ വേനൽമഴ ആരംഭിച്ചതോടെ വയലുകളിൽ സൂക്ഷിച്ചിരിക്കുന്ന വൈക്കോൽ നനഞ്ഞ് നശിക്കാനുള്ള സാധ്യതയുമുണ്ട്.
സംഭരണ സൗകര്യങ്ങൾ പരിമിതമായതിനാൽ പല കർഷകരും തുറസായ ഇടങ്ങളിലാണ് വൈക്കോൽ കെട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. മഴ തുടരുകയാണെങ്കിൽ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്ക കർഷക സമൂഹത്തിൽ വ്യാപകമാണ്. വൈക്കോൽ സംഭരണത്തിനും വിപണനത്തിനും സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു. സഹകരണസംഘങ്ങൾവഴി ശേഖരണം ഉറപ്പാക്കുകയോ ന്യായമായവില ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
Tags : nattu vishesham No one wants buy straw