തൃശൂർ: ശന്പളക്കുടിശികയെത്തുടർന്നു പ്രതിസന്ധിയിലായ ബാലഭവൻ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. 2025 നവംബർ, ഡിസംബർ, 2026 ജനുവരി മാസങ്ങളിലെ ശന്പളമാണു കിട്ടാനുള്ളത്. ബാലഭവനിലെ സ്ഥിരംജീവനക്കാരായ പത്തുപേർക്കാണു മാസങ്ങളായി ശന്പളം കിട്ടാത്തത്.
സംസ്ഥാനത്തെ അഞ്ചു ബാലഭവനുകളിൽ തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും സമാന അവസ്ഥയാണ്. കോട്ടയം, ആലപ്പുഴ, കൊല്ലം ബാലഭവനിലെ ജീവനക്കാരാണ് ദുരവസ്ഥയിലുള്ളത്. കൊല്ലത്ത് ഏഴും ആലപ്പുഴയിൽ നാലും മാസത്തെ ശന്പളം കിട്ടാനുണ്ട്. മാർച്ച് അഞ്ചായിട്ടും ശന്പളക്കുടിശകയിൽ തീരുമാനമുണ്ടായില്ലെങ്കിൽ പട്ടിണിസമരത്തിലേക്കു നീങ്ങാനാണു ജീവനക്കാരുടെ തീരുമാനം.
പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല ക്ലാസുകളെയും ബാധിക്കും. നിലവിൽ 50 മുതിർന്നവരടക്കം 250ഓളം വിദ്യാർഥികളാണു ബാലഭവനിലുള്ളത്. അവധിക്കാല ക്യാന്പിൽ ആയിരത്തിലധികം കുട്ടികളാണ് എത്താറുള്ളത്. പ്രശ്നം ഗുരുതരമാകാതിരിക്കാൻ ബാലഭവൻ തൃശൂർ ഡയറക്ടറായ ജില്ലാ കളക്ടറും എക്സിക്യൂട്ടീവ് ഡയറക്ടറും കോർപറേഷൻ ഇടതുപക്ഷ കൗണ്‍സിലർകൂടിയായ അഡ്വ. അനീസ് അഹമ്മദും പ്രശ്നത്തിൽ ഇടപെട്ടു തീരുമാനമുണ്ടാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
തൃശൂർ ബാലഭവനിൽ പത്തു താത്കാലിക ജീവനക്കാരടക്കം 20 പേരാണ് ജോലിയിലുള്ളത്. ഓണ്ഫണ്ടിൽനിന്ന് തുക അനുവദിച്ച് താത്കാലികജീവനക്കാർക്കു ശന്പളം നല്‍കിയിട്ടുണ്ട്.
2023-24 കാലഘട്ടത്തിലും സമാനരീതിയിൽ ശന്പളം കുടിശികയായതിനെത്തുടർന്ന് ജീവനക്കാർ സമരം നടത്തിയിരുന്നു. തുടർന്നാണ് രണ്ടുമാസത്തെ ശന്പളം അനുവദിച്ചുകിട്ടിയത്.