ചെങ്ങന്നൂർ: ഇന്ദിരാഗാന്ധിയുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച നഴ്സ് ദുരിതക്കയത്തിൽ. നാലു പതിറ്റാണ്ട് മുൻപ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഓപ്പറേഷൻ തിയറ്ററിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവൻ നിലനിർത്താനുള്ള 22 അംഗ മെഡിക്കൽ സംഘത്തിലെ നഴ്സിംഗ് ഇൻ ചാർജായിരുന്നു ലീലാമ്മ യാണ് ദുരിതം പേറുന്നത്.
31 വെടിയുണ്ടകൾ തുളച്ചുകയറിയ ആ ധീര വനിതയുടെ നെഞ്ചിൽനിന്നും വയറ്റിൽനിന്നും ഓരോ വെടിയുണ്ട പുറത്തെടുക്കുമ്പോഴും പ്രാർഥനകൾ ഉയർന്നു. എന്നാൽ, വിധി മറിച്ചായിരുന്നു. ഇന്ന് ആ രാജ്യസേവനത്തിന്റെ ഓർമകളുമായി ചെങ്ങന്നൂരിൽ കഴിയുന്ന ലീലാമ്മയുടെ ജീവിതം, മകന്റെ ദുരിതവും സ്വന്തം അർബുദരോഗവും കാരണം കണ്ണീർക്കടലിലാണ്.
ഞെട്ടിക്കുന്ന നിമിഷങ്ങൾ
1984 ഒക്ടോബർ 31. ലീലാമ്മ ഡൽഹി എയിംസിൽ ജോലിക്ക് കയറിയിട്ട് ആറുമാസം മാത്രം. പ്രധാനമന്ത്രിക്ക് വെടിയേറ്റെന്ന വാർത്ത കേട്ട് ആശുപത്രി നടുങ്ങി. വെടിയേറ്റ ശേഷം കേവലം 20 മിനിറ്റിനകം ഇന്ദിരാജിയെ ഇവിടെയെത്തിച്ചു. ശരീരത്തിൽ ജീവന്റെ നേരിയ തുടിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലീലാമ്മ ആ നിമിഷങ്ങൾ ഇന്നലെ നടന്നതുപോലെ ഓർക്കുന്നു. വിദഗ്ധ ഡോക്ടർമാരടക്കം 22 പേരുള്ള മെഡിക്കൽ സംഘത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമായി.
ശസ്ത്രക്രിയാ മേശയിൽ കിടന്നുകൊണ്ട് ഇന്ദിര മരണം വരിച്ചു. അവരുടെ തീവ്രമായ പരിശ്രമം പരാജയപ്പെട്ടെങ്കിലും രാജ്യത്തിന്റെ ചരിത്രത്തിലെ ആ നിർണായക മുഹൂർത്തത്തിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്.
മകനിലൂടെ തുടരുന്ന ദുരിതപർവം
ഇന്ദിരാ ഗാന്ധിയുടെ വിയോഗത്തിനുശേഷം നാലുവർഷം കൂടി ലീലാമ്മ ഡൽഹിയിൽ തുടർന്നെങ്കിലും 1988ൽ അവരുടെ ജീവിതത്തിലേക്ക് വലിയ ദുരന്തം കടന്നുവന്നു. പ്രസവസമയത്ത് ഓക്സിജൻ ലഭിക്കാതെ വന്നതിനെ ത്തുടർന്ന് ജനതിക തകരാറുകൾ സംഭവിച്ച മകനാണ് അവർക്കു പിറന്നത്.
ആശുപത്രിയിൽ പലരുടെയും ജീവൻ രക്ഷിക്കാൻ ഞാൻ ഡോക്ടർമാരോടപ്പം ചേർന്ന് പ്രവർത്തിച്ചു. എന്നാൽ, സ്വന്തം മകന്റെ ദുരിതത്തിനു മുന്നിൽ എനിക്ക് നിസഹായയായി നിൽക്കേണ്ടിവന്നു: ലീലാമ്മ പറയുന്നു. 37 വയസുള്ള മകൻ ഇപ്പോഴും കിടപ്പുരോഗിയാണ്. മകന്റെ തുടർചികിത്സകൾക്കായി ഭർത്താവ് രാജൻ കൈപ്പള്ളിലിനൊപ്പം ലീലാമ്മയ്ക്ക് 1988ൽ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
കാൻസറിന്റെ പിടിയിൽ
മകന്റെ ചികിത്സാച്ചെലവുകൾ താങ്ങാനാവാതെ വിഷമിക്കുന്നതിനിടയിലാണ് ലീലാമ്മയെ അർബുദരോഗവും പിടികൂടിയത്. നിലവിൽ അതിന്റെ ചികിത്സയും നടന്നുവരുന്നു. ഒരു ഭാഗത്ത് കിടപ്പുരോഗിയായ മകൻ, മറുഭാഗത്ത് സ്വന്തം രോഗം. വലിയൊരു സാമ്പത്തിക ബാധ്യതയുടെ നടുവിലാണ് ഈ കുടുംബം.
ഭർത്താവ് രാജൻ കൈപ്പള്ളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കരുതലിനായുള്ള സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ഇവരുടെ ആശ്രയം. മരുന്നിനും ചികിത്സാ ഉപകരണങ്ങൾക്കുമുള്ള വലിയ ചെലവുകൾക്കു മുന്നിൽ ആ കുടുംബം പകച്ചുനിൽക്കുകയാണ്. ഇന്ദിരാഗാന്ധിയുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യസേവനത്തിന്റെ ഓർമകളുമായി കഴിയുന്ന ഈ വീട്ടമ്മയ്ക്ക് ഒരു കൈത്താങ്ങ് ആവശ്യമാണ്. ഫോൺ: 9846726866.
Tags : Indira nattuvisheasham local