ഓടപ്പള്ളം ഗവ.ഹൈസ്കൂൾ
കൽപ്പറ്റ: കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ ഓർമയ്ക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്ന് ജില്ലയിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിന് ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഓടപ്പള്ളം ഗവ. ഹൈസ്കൂളിനെ തെരഞ്ഞെടുത്തു.
മെമന്റോയും ശിൽപ്പവും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. വിദ്യാർഥികളിൽ ഹരിത ബോധം വളർത്തുന്നതിനും കാർഷിക സംസ്കൃതിയുടെ പരിപോഷണത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ,
വർഷംതോറും നടത്തുന്ന പച്ചക്കറി കൃഷി, വിദ്യാലയ വളപ്പ് അജൈവ മാലിന്യമുക്തമായി സംരക്ഷിക്കുന്നതിലെ ശ്രദ്ധ, സ്കൂൾ പരിസരം ഹരിതവത്കരിക്കുന്നതിലെ മികവ് തുടങ്ങിയവ കണക്കിലെടുത്താണ് വിദ്യാലയത്തെ അഞ്ചാമത് സുഗതകുമാരി പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ് എന്നിവർ അറിയിച്ചു.
26ന് ഉച്ചകഴിഞ്ഞ് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഗോത്രകലാകാരൻ സുകുമാരൻ ചാലിഗദ്ദ പുരസ്കാരസമർപ്പണം നടത്തും. അഡ്വ.പി. ചാത്തുക്കുട്ടി, സുമ വിഷ്ണുദാസ് എന്നിവർ പ്രഭാഷണം നടത്തും. സുഗതകുമാരിക്കവിതകളുടെ ആലാപനവും വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടാകും.
Tags : Local News Nattuvishesham Wayanad