ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 149-ാം ജയന്തി ആഘോഷങ്ങള്‍ നാളെയും രണ്ടിനുമായി നടക്കും. നാളെ രാവിലെ ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.30ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വാഗതവും സംഘടനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരണവും നടത്തും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും. എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ നന്ദി പറയും.
ഉച്ചകഴിഞ്ഞ് മൂന്നിന് സംഗീതക്കച്ചേരി, 6.30ന് ചലച്ചിത്രതാരം ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒന്‍പതിന് മേജര്‍ സെറ്റ് കഥകളി നളചരിതം നാലാംദിവസം.
ജയന്തിദിനമായ രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. വേദിയില്‍ ഏഴുമുതല്‍ വെട്ടിക്കവല കെ.എന്‍. ശശികുമാര്‍ അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി. രാവിലെ 8.30ന് സാന്ദ്രാനന്ദലയം.
11ന് നടക്കുന്ന മന്നംജയന്തിസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷനംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍, ട്രഷറര്‍ അഡ്വ.എന്‍.വി. അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തിനായി പെരുന്ന എന്‍എസ്എസ് ബോയ്സ് സ്കൂള്‍ മൈതാനത്ത് ബൃഹത്തായ പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു.
മുപ്പത്തയ്യായിരം പേര്‍ക്കുള്ള പന്തല്‍ ഒരുങ്ങി
അമ്പതിനായിരം ചതുരശ്രയടിയില്‍ 35000 പേര്‍ക്കിരിക്കാവുന്ന പന്തലാണ് സജ്ജമായിരിക്കുന്നത്. വേദിക്ക് കഥകളി വേഷങ്ങളുടെ പശ്ചാത്തലമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാളും വലുപ്പമുള്ള പന്തലാണ് നിര്‍മിച്ചിരിക്കുന്നത്. എന്‍എസ്എസ് ആസ്ഥാനവും പരിസരങ്ങളും ദീപാലങ്കാരങ്ങളുടെ വർണപ്പൊലിമയിലാണ്.
സമ്മേളനത്തിനെത്തുന്നവര്‍ക്ക് എന്‍എസ്എസ് ഹിന്ദു കോളജ് ഗ്രൗണ്ടിലാണ് ഭക്ഷണ ക്രമീകരണം. പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയാണ് ഭക്ഷണം ഒരുക്കുന്നത്.
Tags : nattu vishesham Mannam Jayanti