കൊച്ചി: വൈപ്പിന്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളിയില്‍ പതിനേഴുകാരന്റെ മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമാണെന്ന സംശയം നിലനില്‍ക്കെ ജീവനെടുക്കുന്ന കില്ലര്‍ ഗെയിമുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തുന്നുണ്ടെന്നും രക്ഷിതാക്കളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും സൈബര്‍ വിദഗ്ധരും പോലീസും മുന്നറിയിപ്പ് നല്കുന്നു.
ഗെയിമുകളിലെ കഥാപാത്രങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകരിക്കാനുള്ള പ്രവണത കുട്ടികളില്‍ വര്‍ധിക്കുകയും ഗെയിമിന്റെ ഭാഗമായുള്ള വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മറുഭാഗത്തുനിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും കുട്ടികള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കളിയിലൂടെ സ്വകാര്യ വിരങ്ങളും ചോരുന്നതായി പോലീസ് പറയുന്നു.
ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാന്‍ ഗെയിം ഫോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്കുന്ന അനുവാദം മാത്രം മതി. ഓണ്‍ലൈന്‍ ഗെയിമിലൂടെ ജീവന് നഷ്ടമാകുന്ന സംഭവങ്ങള്‍ക്ക് പുറമേ പണം നഷ്ടപ്പെടുന്ന സംഭവങ്ങളും ജില്ലയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇതേപ്പറ്റി ബോധവത്കരണ പരിപാടികളും സൈബര്‍ വിഭാഗം ആസൂത്രണം ചെയ്യുന്നുണ്ട്.
വൈപ്പിന്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളിയില്‍ വീടുവിട്ടിറങ്ങിയ പതിനേഴുകാരന്റെ മൃതദേഹം കടല്‍തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് മരണത്തില്‍ സംശയങ്ങള്‍ വര്‍ധിച്ചത്. മരിച്ച അര്ജുന് കുമാര്‍ ഗെയിം കളിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
ഫോണ്‍ ഇടയ്ക്കിടെ പരിശോധിക്കണം, മാതാപിതാക്കള്‍ യൂസര്‍ ഐഡിയും പാസ് വേഡും ഫോണ്‍ ലോക്കും ഉപയോഗിക്കണം, നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം, ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുള്ള ഫോണ്‍ കൈമാറരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Tags : Local News Nattuvishesham Ernakulam