തിരുവനന്തപുരം: സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കുന്ന കൂട്ടായ്മകൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ തലസ്ഥാനനഗരിയിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര സംഗമം "മൈത്രി- 2026' ഉദ്ഘാടനം ചെയ്യുകയാ യിരുന്നു മുഖ്യമന്ത്രി.
മനുഷ്യർ ഭേദചിന്തകളില്ലാതെ ജീവിക്കുകയും മാനുഷിക മൂല്യങ്ങൾക്കു വിലകൽപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പല സ്വാതന്ത്ര്യങ്ങൾക്കും ഭീഷണി നേരിടുന്ന കാലത്താണു നാം ജീവിക്കുന്നത്. അത്തരം പശ്ചാത്തലത്തിൽ മൈത്രിയുടെ പ്രസക്തി ഏറി വരുകയാണ്. ഏവരും സാഹോദര്യത്തോടെ കഴിയുന്ന ഇടമാണു കേരളം.
ആ പാത തുടരാൻ കഴിയണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മതമൈത്രിയുടെ സന്ദേശത്തെ സ്വീകരിച്ച് മലങ്കരസഭയോട് രാഷ്ട്രീയ സാമുദായിക സാംസ് കാരിക സമൂഹം കാട്ടുന്ന സ്നേഹത്തിന് നന്ദിയുണ്ടെ ന്നു കാതോലിക്കാ ബാവാ പറഞ്ഞു.
2026 അനുഗ്രഹപ്രദമായ പുതുവത്സരമായി മാറട്ടെയെന്നും ബാവാ ആശംസിച്ചു.
അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ സ്വാഗതം ആശംസിച്ചു. സ്പീക്കർ എ.എൻ. ഷംസീർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ജോസ് കെ. മാണി, പി.ജെ. ജോസഫ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, രമേശ് ചെന്നിത്തല, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, റവ. ഡോ. തോമസ് വർഗീസ് അമയിൽ എന്നിവർ പ്രസംഗിച്ചു. മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, വി. ശിവൻകുട്ടി, പി. പ്രസാദ്, വീണാ ജോർജ്, ചീഫ് വിപ്പ് എൻ. ജയരാജ്, വി. മുരളീധരൻ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.