എരുമപ്പെട്ടി: യുവാക്കൾ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറും ഇലക്ട്രിക് പോസ്റ്റും ഇടിച്ചുതകർത്തു.
അപകടത്തിനുശേഷം നിർത്താതെപോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച രണ്ടുയുവാക്കളെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി.
ഇന്നലെ ഉച്ചതിരിഞ്ഞ് ഒരു മണിയോടെയാണ് സംഭവം. വെളളറക്കാട് ഭാഗത്തുനിന്നുവന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ എരുമപ്പെട്ടി ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽവച്ച് നിയന്ത്രണംവിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇടിയിൽ രണ്ടു കാറുകളുടേയും മുൻവശംതകരുകയും ഇലക്ട്രിക് പോസ്റ്റിന്റെ കടഭാഗം മുറിഞ്ഞു വീഴുകയുംചെയ്തു.
അപകടത്തിനുശേഷം കാർ പിറകോട്ടെടുത്ത് യുവാക്കൾ അമിതവേഗത്തിൽ ഓടിച്ചുപോയി. പ്രധാന റോഡിൽനിന്നു മാറി മറ്റുവഴികളിലൂടെ സഞ്ചരിച്ച കാറിനെ പിന്തുടർന്ന എരുമപ്പെട്ടി പോലീസ് മങ്ങാട് - കോട്ടപ്പുറം റോഡിൽവച്ച് കണ്ടെത്തുകയും കാർ തടയുകയും ചെയ്തു. പോലീസു വാഹനത്തിലും ഇടിച്ച കാർ നിർത്തി യുവാക്കൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്ന പോലീസ് ഓടിച്ചിട്ട് പിടികൂടി.