കോട്ടയം: ബിജെപി നേതാവ് പി.സി. ജോര്‍ജ് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി അഭിനയിക്കുന്ന സിനിമ "കെ.കെ.കെ. മൂന്ന് രാജ' 27നു റീലിസ് ചെയ്യും. രേവതി ഫിലിംസ് ഇന്റര്‍നാഷണലിനുവേണ്ടി ഷൈജു പാറത്തടത്തിലാണു നിര്‍മാണം, കഥ, തിരക്കഥ, സംഗീതം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.
സംസ്ഥാനത്ത് നടക്കുന്ന ഓരോ സംഭവങ്ങത്തിലും ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പി.സി. ജോര്‍ജ് ഇടപെട്ടു പരിഹരിക്കുന്നതാണു സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡിവൈഎസ്പി സൂര്യദേവയെ അവതരിപ്പിക്കുന്നത് സംവിധായകന് കാഞ്ഞിരപ്പള്ളി സ്വദേശി ഷൈജു പാറത്തടത്തിലാണ്. ബിജെപി നേതാവ് നോബിള്‍ മാത്യു അഭിഭാഷകന്റെ വേഷത്തിലും സിനിമയിലെത്തുന്നുണ്ട്. ബോബന് കങ്ങഴ, സോണിയ ആലപ്പുഴ, ബിന്ദു ചുനക്കര, ആശ എറണാകുളം, അനു അനീഷ്, അജീഷ് അശോകന്, എം. രതീഷ്, ഗോവിന്ദന് നമ്പൂതിരി, സജിത്ത് കലവൂര്‍, ജോസ് പാലാ, മനു ആനക്കുഴി എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചീട്ടുകളിഭ്രാന്തനായ ഒരാളുടെ രണ്ടു സ്കൂള്‍ കുട്ടികളെ കാണാതാകുന്ന കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സൂര്യദേവ അന്വേഷിക്കുന്നു. തുടര്‍ന്ന് ഒട്ടേറെ സംഭവങ്ങള്‍ പുറംലോകമറിയുന്ന രീതിയിലാണ് സിനിമ മുന്നോട്ടു പോകുന്നത്. ദീർഘമായ സംഘട്ടനരംഗങ്ങളും മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതകളാണ്.