രാമങ്കരി: ബജറ്റ് ചർച്ചയിൽ നെൽകർഷകരെ പരിഗണിച്ച് ഫണ്ട് അനുവദിക്കുക, 2023-24 ൽ ഉപ്പുവെള്ളവും ഉഷ്ണതരംഗവുംമൂലം കൃഷി നശിച്ചവർക്ക് പ്രഖ്യാപിച്ച നഷ്ട പരിഹാരം ഉടൻ നല്കുക, ഈ സീസണിൽ ഉപ്പുവെള്ളം കയറുന്നത് തടയുവാൻ അടിയന്തര നടപടി സ്വീകരിക്കുക, കേന്ദ്ര എംഎസ്പിയിൽ നിന്നും സംസ്ഥാന സർക്കാർ കവർന്നെടുത്തതടക്കം അർഹമായ നെൽവില 33.21 ഈ സീസൺമുതൽ നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നെൽകർഷക സംരക്ഷണസമിതി ആലപ്പുഴ കളക്ടറേറ്റിലേക്ക് കർഷകമാർച്ചും ധർണ യും നടത്തി.
രക്ഷാധികാരിയും പത്തനംതിട്ട ജില്ലാപഞ്ചായത്തംഗവുമായ സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. നെൽകർഷകരെ തഴഞ്ഞ കർഷക വിരുദ്ധ സംസ്ഥാന ബജറ്റിന്റെ പ്രതിഫലനം പിണറായി സർക്കാർ ജനവിധിയിലൂടെ അനുഭവിക്കുമെന്നും നെൽകർഷക സംരക്ഷണസമിതിയുടെ പോരാട്ടം അന്തിമവിജയം കാണുംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷയായി. രക്ഷാധികാരി വി.ജെ ലാലി, ജില്ലാപഞ്ചായത്തംഗം സി. വി. രാജീവ്, ചന്പക്കുളം ബ്ലോക്ക് പ്രസിഡന്റ് റ്റിബിൻ ജോസഫ് വെളിയനാട് പഞ്ചായത്തംഗം ജി. സൂരജ്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വർക്കിംഗ് പ്രസിഡന്റുമാരായ പി.ആർ. സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ, വേലായുധൻ നായർ, ട്രഷറർ കെ. ബി .മോഹനൻ കോഓഋർഡിനേറ്റർ ജോസ് കാവനാട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി റോയി ഊരാംവേലിൽ, സംസ്ഥാന നേതാക്കളായ ശർമ്മ വാലടി, ഷാജി മുടന്താഞ്ജലി തുടങ്ങിയവർ പ്രസംഗിച്ചു.