പാലാ: കഴിഞ്ഞ10 വര്‍ഷം കേരളത്തിലാകമാനം വലിയ വികസന കുതിച്ചുചാട്ടം ഉണ്ടായതായും ഒരിക്കലും പെന്‍ഷനും റേഷനും വൈദ്യുതിയും മുടങ്ങിയിട്ടില്ലെന്നും ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മത്സരമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്നും ജോസ് കെ. മാണി എംപി. ജനങ്ങള്‍ക്ക് അനുഭവവേദ്യമായ യാതൊരു പദ്ധതികളും സ്ഥലം എംഎല്‍എയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കാനായിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം എംഎല്‍എ മാണി സി. കാപ്പനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വികസന മുന്നേറ്റ ജാഥയില്‍ ജോസ് കെ. മാണി പ്രസംഗിച്ചത്. ഇന്നലെ രാവിലെ നടത്തിയ പത്രസമ്മേളനത്തിലും മാണി സി. കാപ്പനെതിരേ ജോസ് കെ. മാണി ആക്ഷേപങ്ങളുയര്‍ത്തി.
50 വര്‍ഷക്കാലം കൊണ്ട് നമ്പര്‍ വണ്‍ നിയമസഭാ മണ്ഡലമായി പാലാ മാറിയതിന് പിന്നില്‍ കെ.എം. മാണിയുടെയും തന്റെയും വലിയ കഠിനാധ്വാനം ഉണ്ടായിരുന്നു. ഇന്നതെല്ലാം മാറി. ബൈപാസ് റോഡ് ഇനിയും പൂര്‍ത്തിയായിട്ടില്ല. അവിടെയുള്ള വീട് മാറ്റാന്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചില്ല. റിവര്‍വ്യൂ റോഡ് രണ്ട് സെന്റ് സ്ഥലം ഏറ്റെടുക്കാനായില്ല.
കളരിയാമാക്കല്‍ പാലം ഇത്രയും വര്‍ഷമായിട്ടും അപ്രോച്ച് റോഡ് എടുക്കാനായില്ല. സ്ഥലം സൗജന്യമായി കിട്ടുമെന്നും അലൈന്മെന്റ് മാറ്റണമെന്നും പറഞ്ഞത് എംഎല്‍എയാണ്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സ്ഥലമോ വ്യക്തിയോ ഇല്ലെന്നും എംപി പറഞ്ഞു. പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ അതിനെ ആക്ഷേപിക്കുകയാണ് എംഎല്‍എ ചെയ്തതെന്നും ജോസ് കെ. മാണി ആരോപിച്ചു. 300 കോടി രൂപയുടെ ട്രിപ്പിള്‍ ഐടി പദ്ധതിയാണ് വലവൂരില്‍ നടപ്പാക്കിയത്. ഇന്ത്യയില്‍ ഒന്നാമതായി സ്ഥാപനത്തെ റേറ്റ് ചെയ്തിട്ടുണ്ട്. ടെക്നോപാര്‍ക്കിന് സമാനമായ ഇന്‍ഫോ സിറ്റി അവിടെ ആരംഭിക്കാനാണ് തന്റെ ലക്ഷ്യമെന്നും ജോസ് കെ. മാണി പറഞ്ഞു.
Tags : Jose K. Mani nattuvishesham local news