പാലാ: പാലാ രൂപത 43-ാമത് ബൈബിള്‍ കണ്വന്ഷന് ഒരുക്കമായി ബിഷപ്സ് ഹൗസില്‍ ആലോചനായോഗം ചേര്‍ന്നു. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റത്തില്‍ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല് ആൻഡ് ടീം കണ്വന്ഷന് നേതൃത്വം നല്‍കും. ഡിസംബര്‍ 19 മുതല്‍ 23 വരെ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി ഒന്‍പതു വരെ സായാഹ്ന കണ്വന്ഷനായാണ് ക്രമീകരിച്ചിരിക്കുന്നത്.
കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് 2026 വര്‍ഷം പാലാ രൂപത സമുദായിക ശക്തീകരണ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ ആരംഭിച്ച സുവിശേവത്കരണ വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമായുള്ള ജീവമന്ന എന്ന പ്രോഗ്രാമും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതായും യോഗത്തില്‍ വിലയിരുത്തി.
കണ്‍വന്‍ഷന്റെ പോസ്റ്ററും രൂപതാധ്യക്ഷന്റെ ക്ഷണക്കത്തും കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള പ്രാര്ഥനാകാര്ഡും രൂപകല്പന ചെയ്യാന്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റത്തിലിനെ ചുമതലപ്പെടുത്തി. ഇടവകതലത്തില്‍ ഭവനസന്ദര്‍ശനം നടത്തി ഓരോ കുടുംബത്തെയും കണ്‍വന്‍ഷനിലേക്ക് നേരിട്ട് ക്ഷണിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വന്‍ഷന്റെ ബജറ്റ് ജോണിച്ചന് കൊട്ടുകാപ്പിള്ളി അവതരിപ്പിച്ചു. രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട്, രൂപത ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഇവാഞ്ചലൈസേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുതുപ്പറമ്പില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ളാലം പുതിയ പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍, ളാലം പഴയപള്ളി സഹവികാരി ഫാ. ആന്റണി നങ്ങാപറമ്പില്‍, കത്തീഡ്രല്‍ പള്ളി സഹവികാരി ഫാ. ഐസക് പെരിങ്ങമലയില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതിക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സിസ്റ്റര്‍ ആന്‍ ജോസ് എസ്എച്ച്, സിസ്റ്റര്‍ ജയ്സി സിഎംസി, ബിനു വാഴേപറമ്പില്‍, സണ്ണി വാഴയില്‍, സോഫി വൈപ്പന, സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപം, ബാബു പോള്‍ പെരിയപ്പുറം എന്നിവരോടൊപ്പം കരിസ്മാറ്റിക്, കുടുംബകൂട്ടായ്മ ഭാരവാഹികളും യോഗത്തില്‍ സന്നിഹിതരായിരുന്നു.