ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിക്കിടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. നാലുപേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് ആന്‍സി തോമസിനും വൈസ് പ്രസിഡന്റ് സെലിന് വിന്‍സെന്റിനും പ്രതിപക്ഷ അംഗങ്ങളായ സിജി ചാക്കോയ്ക്കും പ്രഭ തങ്കച്ചനുമാണ് പരിക്കേറ്റത്. നാലുപേരെയും ഇടുക്കി മെഡിക്കല്‍കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 ന് പഞ്ചായത്തോഫീസില്‍ കൂടിയ കമ്മിറ്റിക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്. കമ്മിറ്റിക്ക് മുന്‍പുതന്നെ കഴിഞ്ഞ വര്‍ഷത്തെ പ്രോജക്ടുകള്‍ മാറ്റിയതു സംബന്ധിച്ച് ഇരു വിഭാഗവും വാക്കേറ്റവും തെറിയഭിഷേകവും നടന്നിരുന്നു. വാക്കേറ്റം കൈയാങ്കളിയിലെത്തി.
ഇതിനിടെ സിജി ചാക്കോ പ്രസിഡന്റ് ആൻസി തോമസിന്റെ സാരി വലിച്ചുകീറുകയും പ്രഭ തങ്കച്ചൻ ആക്രമിക്കുകയും ചെയ്തതായി പ്രസിഡന്റ് പറഞ്ഞു. തടയാനെത്തിയ വൈസ് പ്രസിഡന്റിനെയും ആക്രമിച്ചു. തുടര്‍ന്ന് നടന്ന കൂട്ടയടിയിൽ സിജി ചാക്കോയ്ക്കും പ്രഭ തങ്കച്ചനും പരിക്കേറ്റു.
ഇടുക്കിയില്‍ നിന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ നടപ്പാക്കാന്‍ പറ്റാത്ത പ്രോജക്ടുകള്‍ മാറ്റിയതു സംബന്ധിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നടന്നുവരികയായിരുന്നു. മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികളാണ് മറ്റിയതെന്നും ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ട് കുടിശികയായ ജവഹര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ അടയ്ക്കാനാണ് തീരുമാനിച്ചിരുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ മുന്‍ കമ്മിറ്റികളില്‍ തീരുമാനിച്ചതനുസരിച്ചാണ് പ്രോജക്ടുകള്‍ മാറ്റിയതെന്നും ഇവർ പറഞ്ഞു.
അക്രമം നടത്തിയവർക്കെതിരേ നടപടിയെടുക്കണം: യുഡിഎഫ്
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തില്‍ മദ്യപിച്ചെത്തിയ പ്രതിപക്ഷ അംഗങ്ങൾ അകാരണമായി പ്രസിഡന്റ് ആന്‍സി തോമസിനെയും വൈസ് പ്രസിഡന്റ് സെലിന് വിന്സെന്റിനെയും ആക്രമിച്ചതിൽ യുഡിഎഫ് വാഴത്തോപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. വനിതകളുള്പ്പെടെയുള്ളവരെ ക്രൂരമായി മർദിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്ത എല്‍ഡിഎഫ് അംഗങ്ങൾക്കെതിരേ നടപടിയെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞതവണ ഒപ്പത്തിനൊപ്പം സീറ്റുകള്‍ ലഭിച്ചിട്ടും നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ച എല്‍ഡിഎഫ് ഭരണസമിതിയില്‍ വ്യാപക അഴിമതികളാണ് നടത്തിയിട്ടുള്ളത്. ഇതു കണ്ടുപിടിച്ച് നടപടികളെടുക്കുകയും അനധികൃത പ്രോജക്ടുകള്‍ തടയുകയും ചെയ്തതാണ് പ്രതിപക്ഷത്തെ പ്രകോപിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ജവഹര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ കുടിശികയായതിനെതുടര്ന്ന് കടമെടുത്ത് നിര്‍മിച്ച 400 വീടുകൾക്ക് കേരള ബാങ്ക് നോട്ടീസയച്ചിരിക്കുകയാണ്. കൂട്ടുപലിശയുള്പ്പെടെ ഒരു കോടി എഴുപത്തിയെട്ടു ലക്ഷം രൂപയാണ് ബാങ്കിൽ അടക്കാനുള്ളത്. അനാവശ്യമായി ഡിപിആര്‍ ഉണ്ടാക്കിയതിന്റെ 13.5 ലക്ഷം രൂപ കൊടുക്കാന്‍ കഴിയില്ലെന്ന് നിർവഹണോദ്യോഗസ്ഥന്‍ അറിയിച്ചതിനാലാണ് തുക മാറ്റിയതെന്ന് യുഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയതാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് ഭാരവാഹികളായ സി.പി. സലിം, പി.ഡി. ജോസഫ്, എം.ഡി. അര്ജുനന്, ഷിജോ ഞവരക്കാട്ട്, ടി.എ. സിദ്ദിക്, പി.കെ. ജയന് എന്നിവര്‍ അറിയിച്ചു.
Tags : nattu vishesham Panchayat Committee