വൈപ്പിൻ : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് വൈപ്പിൻ ദ്വീപിലെ ആറു ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് സീറ്റ് വിഭജനം മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി തർക്കമില്ലാതെ പൂർത്തിയായി. എളങ്കുന്നപ്പുഴയിൽ രൂക്ഷമായി നിലനിന്നിരുന്ന സിപിഎം-സിപിഐ ചേരിപ്പോര് ഇരുകക്ഷികളുടെയും ഏരിയ നേതൃത്വത്തിന്റെ സംയമനപരമായ നീക്കത്തിൽ പരിഹരിക്കപ്പെട്ടതുമൂലമാണ് ഇക്കുറി തർക്കങ്ങൾ ഇല്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയത്.
അതേസമയം യുഡിഎഫിൽ ആകട്ടെ എളങ്കുന്നപ്പുഴ പഞ്ചായത്തിൽ ഒഴികെ മറ്റ് അഞ്ച് പഞ്ചായത്തുകളിലും സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്.
എളങ്കുന്നപ്പുഴയിൽ മുസ്ലിംലീഗിന്റെ സീറ്റുമായി ബന്ധപ്പെട്ട ചെറിയൊരു തർക്കം അവശേഷിക്കുന്നുണ്ട്. ഇത് ഇന്നോ നാളെയോ തീർന്നേക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. ഇവിടെ ലീഗ് രണ്ട് സീറ്റാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം ഏതാണ്ട് പൂർണമായ സാഹചര്യത്തിൽ ഒരു സീറ്റ് നൽകി ലീഗിനെ പിണക്കാതെ കൂടെ നിർത്തിയേക്കും.
ഇവിടെ മൊത്തം 24 വാർഡുകളിൽ ബാക്കി 23 വാർഡുകളിലും കോൺഗ്രസാണ് മത്സരിക്കുക. 24 വാർഡുകളുള്ള പള്ളിപ്പുറത്തും ,14 വാർഡുകൾ ഉള്ള കുഴുപ്പിള്ളിയിലും, 16 വാർഡുകൾ ഉള്ള ഞാറക്കലും മുഴുവൻ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും.
16 വാർഡുകളുള്ള എടവനക്കാട് രണ്ട് സീറ്റ് മുസ്ലിം ലീഗിന് നൽകിയിട്ടുണ്ട്. ബാക്കി പതിനാലെണ്ണത്തിലും കോൺഗ്രസാണ് മത്സരിക്കുക. 17 വാർഡുകളുള്ള നായരമ്പലത്ത് കേരളാ കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു സീറ്റ് നൽകിയേക്കും. ബാക്കി 16ലും കോൺഗ്രസ് മത്സരിക്കും. കൂടാതെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റ് മുസ്ലിം ലീഗിന് നൽകിയിട്ടുണ്ട്.
Tags : Vypin Local News Ernakulam Nattuvishesham