ബിജുമോൻ
ചേർത്തല: ബിജുമോൻ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ പൊതുധനസമാഹരണം 11നു നടക്കുമെന്ന് ജീവൻ രക്ഷാസമിതി ഭാരവാഹികൾ പറഞ്ഞു. തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് തട്ടുപുരയ്ക്കൽ ബിജുമോൻ (46) ജീവൻ നിലനിർത്താനാണ് ഗ്രാമവാസികൾ ഒന്നിക്കുന്നത്.
കഴിഞ്ഞ ഡിസംബർ മൂന്നിന് പക്ഷാഘാതം ഉണ്ടാകുകയും ബിജുമോനെ കോട്ടയം മെഡിക്കൽ കോളജിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വൈക്കം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജീവൻ നിലനിർത്താനും വിദഗ്ധ ചികിത്സിക്കായും 12 ലക്ഷത്തിൽപരം രൂപ വേണ്ടിവരുമെന്ന് ഡോക്ടർമാർ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇത് താങ്ങാനുള്ളശേഷി ഭാര്യ ലതയ്ക്കും വിദ്യാർഥികളായ രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിനില്ല.
തുടർന്നാണ് നാട്ടുകാർ ഒന്നിച്ച് പൊതുധനസമാഹരണത്തെക്കുറിച്ച് ആലോചിക്കുന്നത്. പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, 22, 23 വാർഡുകളിൽ നിന്നും മറ്റ് സുമനസുകളിൽനിന്നും തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ഇതിനായി 11ന് രാവിലെ മുതൽ പൊതുധനസമാഹരണം നടക്കും.
ധനസമാഹരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് രക്ഷാധികാരികളായ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. ഹരിഹരപ്പണിക്കർ, മെംബർമാരായ ഇന്ദുലേഖ, എലിസബത്ത് ജോസഫ്, സി.വി. ജോസഫ്, ജനറൽ കൺവീനർ സി.പി. രാജൻ, കമ്മിറ്റി അംഗം സി.എസ്. ജ്യോതിഷ് എന്നിവർ പറഞ്ഞു. ഇതിനായി ബിജുമോന്റെ ഭാര്യയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ലത.എല്‍, അക്കൗണ്ട് നമ്പര്‍-20161697462, എസ്ബിഐ ചേര്‍ത്തല ശാഖ. ഐഎഫ്എസ് സി കോഡ് - SBIN0005046.