പനമ്പിലാവ് പാലം പുനർനിർമാണ പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിൽ പി.കെ. ബഷീർ എംഎൽഎ പ്രസംഗിക്കുന്നു.
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ പനന്പിലാവ് പാലത്തിന്റെ പുനർനിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്ലൈനായി നിർവഹിച്ചു. 2016ൽ എൽഡിഎഫ് സർക്കാർ വന്നതിനുശേഷം പശ്ചാത്തല സൗകര്യവികസനത്തിൽ നടന്നത് മാജിക്കാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
മേൽപ്പാലങ്ങളുടെയും റോഡുകളുടെയും വികസനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്കറിയാം. ദേശീയ ഹൈവേ വികാസത്തിന് വേണ്ടി 5,550 കോടി സർക്കാർ ചെലവഴിച്ചു. മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേ 1600 കിലോമീറ്റർ പിന്നിട്ടു. കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികളിലൂടെ 3500 കോടിയുടെ റോഡ് നിർമാണ പ്രവൃത്തികളാണ് സർക്കാർ നടത്തിയത്.
കേരളത്തിലെ റോഡ് വികസനം ലോകം അംഗീകരിക്കുന്ന തലത്തിലേക്ക് ഉയർന്നു. ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമിച്ച കാലമാണിതെന്ന് മന്ത്രി പറഞ്ഞു.ഏറനാട് മണ്ഡലം എംഎൽഎ പി.കെ. ബഷീർ ശിലാഫലകം അനാച്ഛാദനം ചെയ്തു.
നിലവിൽ ഒരു മീറ്റർ വീതിയും 22 മീറ്റർ നീളവുമുള്ള ഈ പാലം അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പുനർനിർമാണ പ്രവൃത്തി നടത്തുന്നത്. പുതിയ പാലത്തിന്റെ നീളം 39.90 മീറ്ററും വീതി 11 മീറ്ററും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടി 7.50 മീറ്റർ ഗാരേജ്വേയും നൽകിയാണ് പുതിയപാലം വിഭാവനം ചെയ്തിട്ടുള്ളത്.
എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആയിഷ, ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ മേത്തലയിൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. അബ്ദുറഹിമാൻ, ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി സണ്ണി,
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം, മെംബർമാരായ ഷിജോ ആന്റണി, ദീപ്തി ബോസ്, സന്തോഷ് സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാലക്കാട് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി.ആർ. ജയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ് കുമാർ ചാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode