പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെ കഴിഞ്ഞ ഇടതുപക്ഷ ഭരണസമിതിയുടെ ഭരണകാലത്തെ പദ്ധതികളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നു പരാതി. 2022-25 വർഷങ്ങളിലെ പദ്ധതികളിലാണ് അന്വേഷണം വേണമെന്ന ആവശ്യമുയർന്നിരിക്കുന്നത്.
മാറാടി ക്രാൈസ്റ്റ് ഭവനിൽ എസ്.വി. അനീഷാണ് ഗവര്‍ണര്‍ക്കും മറ്റു വകുപ്പുകള്‍ക്കും പരാതി നൽകിയിരിക്കുന്നത്. പൂവിളി (2022-24), അക്ഷര സുകൃതം (2022-2025), അക്ഷര ദീപം (2024-25) ലൈബ്രറികള്‍ക്കുള്ള വസ് തുക്കളുടെ വിതരണം, ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം (2024-25), രോഗമില്ലാത്ത ഗ്രാമം മെഡിക്കല്‍ ക്യാമ്പ് (2024-25), സഖി (സാനിട്ടറി പാഡ് ഇന്ഡിനേറ്റര്-2024), ഉണര്‍വ് (2022-2023) സ്കൂളുകള്‍ക്കുള്ള സോഫഫ്റ്റുവേര്, പാറശാല പൊന്നമ്മാള്‍ ലൈബ്രറി (2022), തുണ (2023), ഹരിത കര്‍മസേന സംഗമം, എവിഎം കനാൽ പുനഃരുദ്ധാരണം പദ്ധതി, വേനല്‍ കൂടാരം (2023-24), കനല് (ഷോര്‍ട്ട് ഫിലിം), ബോട്ടില്‍ ബൂത്ത് നിര്‍മാണം (2024), പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു ഫയലുകള്‍ മോഷ്ടിച്ച സംഭവം തുടങ്ങി നിരവധി വിഷയങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
പാറശാല താലൂക്ക് ആശുപത്രി, മൃഗാശുപത്രി, പൂവാര്‍ എച്ച്എംസി എന്നിവിടങ്ങളിലെയും പാറശാല ബ്ലോക്ക് ഓഫീസ് രണ്ടാംനില, ബ്ലോക്ക് ഓഫീസ് പരിസരം എന്നിവിടങ്ങളിലെയും നിർമാണ പ്രവൃത്തികളിൽ അഴിമതി ആരോപണം ഉയർന്നിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചു നിർമാണം നടത്താതെ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ നിർമാണ പ്രവൃത്തികൾക്ക് എത്രരൂപ ചെലവാക്കി എന്ന തിനുപോലും കണക്കില്ല. ഈ സ്ഥലങ്ങളിലെ 2022-25 കാലയളവിലെ മുഴുവന്‍ മരാമത്തുപണികളും അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേന്ദ്ര സഹായത്താൽ ലഭിക്കുന്ന ഇഎഇ ഫണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ കുടിവെള്ള പദ്ധതിയും, ശുചിമുറിയും നിര്‍മിച്ചു ദുരുപയോഗം ചെയ്തുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
തച്ചംവിളാകം കുടിവെള്ളപദ്ധതി, ഭഗവതിവിള കുടിവെള്ളപദ്ധതി, ആറാട്ടുകടവ് റോഡിലെ ഓടനിര്‍മാണം തുടങ്ങി നിരവധി പദ്ധതികൾ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം പദ്ധതികളുടെ ഉദ് ഘാടനങ്ങളിലെ വരവു-ചെലവുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി, ഹൈകോടതി ചീഫ് ജസ്റ്റിസ്, തദ്ദേശ വകുപ്പ് മന്ത്രി, കേരള വിജിലന്‍സ് ഡയറക്ടര്‍, ജില്ലാ വിജിലന്‍സ് ഡയറക്ടര്‍,സിഇഎല്‍ എസ്സിഡി ടിവി എം, ബിഡിഒ, എല്‍എസ്ജിഡി വിജിലന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കാണ് അനീഷ് പരാതി നൽകിയിരിക്കുന്നത്.
Tags : Parassala Block Panchayat