കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ പാരലല്‍ പാര്‍ക്കിംഗ് തുടക്കത്തിലേ പാളി. മുമ്പുണ്ടായിരുന്ന ബസുകളുടെ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഒഴിവാക്കി സ്റ്റേഷനിലെ കെട്ടിടത്തിന് അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്തു യാത്രക്കാരെ കയറ്റിയശേഷം തിരികെ റിവേഴ്സ് എടുത്ത് റോഡിലേക്ക് ഇറങ്ങിപ്പോകുന്ന രീതിയിലാണു പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
നാലു ദിവസങ്ങള്‍ക്കു മുമ്പാണു പുതിയ പാര്‍ക്കിംഗ് ക്രമീകരണം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. നടപ്പാക്കിയ ദിവസം മുതല്‍ പരാതികളും തുടങ്ങി. ആദ്യപരാതികള് ദീര്‍ഘദൂരയാത്രക്കാരുടെ ഭാഗത്തുനിന്നായിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്നു ദീര്‍ഘദൂര സ്ഥലങ്ങളിലേക്കു പോകുന്നതിനായി സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകള്‍ക്കു കോട്ടയത്തുനിന്ന് ആരംഭിക്കുന്ന ബസുകള്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് പിടിക്കാന്‍ സാധിക്കുന്നില്ല. ഇതോടെ ഇത്തരം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെയിറക്കി പിന്നില്‍ നിര്‍ത്തിയശേഷം മടങ്ങുകയാണ്.
സ്റ്റേഷനില്‍ ബസ് കാത്തുനിൽക്കുന്ന യാത്രക്കാര്‍ക്കു ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറിവരുന്നതു കാണാനും സാധിക്കില്ല. സ്റ്റാന്‍ഡിലെ കസേരകളില്‍ ഇരിക്കുന്ന പല യാത്രക്കാര്‍ക്കും ലോ ഫ്ലോര്‍, പ്രിമീയം ബസുകള്‍ വന്നു സ്റ്റാന്‍ഡില്‍ കയറിയിറങ്ങിപ്പോകുന്ന കാര്യമറിയുന്നില്ല. ബസുകള്‍ വന്നുപോകുന്ന കാര്യം മൈക്ക് അനൗണ്‍സ്മെന്റിലൂടെ അറിയിക്കുമെങ്കിലും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നില്ല.
ഇതിനുപുറമേ ദീര്‍ഘദൂര ബസുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ബസുകള്‍ക്കു പിന്നില്‍ നിര്‍ത്തുന്നതിനാല്‍ പല യാത്രക്കാരും ബസ് എത്തുമ്പോള്‍ അവിടേക്ക് ചെല്ലും. പിന്നീട് അവിടെത്തന്നെ യാത്രക്കാര്‍ നില്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍നിന്നു പോകുന്നതിനായി പിന്നോട്ട് എടുക്കുമ്പോള്‍ യാത്രക്കാരെ ഇടിക്കാനും സാധ്യത കൂടുതലാണ്. പരീക്ഷണാടിസ്ഥാനത്തില്‍ പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയതു മുതല്‍ കണ്ടക്ടര്‍മാര്‍ പുറത്തിറങ്ങി വിസില്‍ മുഴക്കി ഡ്രൈവര്‍ക്കു സൈഡ് പറഞ്ഞുകൊടുത്താണു ബസുകള്‍ പിന്നോട്ട് എടുക്കുന്നത്.
രാത്രികാലങ്ങളിലാണു ബസുകള്‍ പിന്നോട്ടെടുക്കാന്‍ ഏറെയും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. പലപ്പോഴും പൊക്കം കുറഞ്ഞ ആളുകള്‍ പിന്നിലുണ്ടെങ്കില്‍ ബസ് പിന്നോട്ടെടുക്കുമ്പോള്‍ ഇവരെ കാണാന്‍ സാധിക്കില്ലെന്നും സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്ന ബസുകള്‍ പുറത്തേക്കിറക്കാന്‍ ബുദ്ധിമുട്ടാണെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. പുതിയ ക്രമീകരണം സ്റ്റാന്‍ഡില്‍ ട്രാഫിക് കുരുക്കും വര്‍ധിപ്പിച്ചു. അപകടസാധ്യതയേറിയ പുതിയ പാര്‍ക്കിംഗ് ക്രമീകരണം പുനഃപരിശോധിക്കണമെന്ന് യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam