വണ്ടിത്താവളം: പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിലെ ഏക വാണിജ്യകേന്ദ്രമായ വണ്ടിത്താവളം ബസ് സ്റ്റാൻഡിൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ യാത്രക്കാരുടെ കാത്തുനിൽപ്പ് ഇരുട്ടിൽ.
ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി രണ്ടു വർഷത്തിലേറെയായിട്ടും ഇതുവരേയും ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. സ്റ്റാൻഡിൽ എത്തുന്നവർക്കു ശുചിമുറിയില്ലാത്തതും യാത്രക്കാർക്ക് ഏറെ വിഷമകരമാവുന്നുണ്ട്.
സ്റ്റാന്റിൽ വെളിച്ചക്കുറവുകാരണം സ്ത്രീകൾ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിലാണ് മാറി നിൽക്കുന്നത്. മുൻപ് പലതവണ ഈ സ്റ്റാൻഡിൽ കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകൾ പിടികൂടിയിട്ടുണ്ട്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധരുടെ കയ്യാങ്കളി കൂടിവരുന്നതായും ആരോപണമുണ്ട്.
കെഎസ്ആർടിസി ഉൾപ്പെടെ മുപ്പതോളം ബസുകൾ പതിവായി സ്റ്റാൻഡിൽ എത്തുന്നുണ്ട്. സ്കൂളിനു മുന്നിൽ ബസുകൾനിർത്തി യാത്രക്കാരെ ഇറക്കിക്കയറ്റുന്നത് ഗതാഗതതടസമാവുന്നതിനു പരിഹാരമായാണ് സ്റ്റാൻഡിൽ സൗകര്യം ഒരുക്കിയത്.
വേനൽച്ചൂട് ശക്തമായതോടെ സ്റ്റാൻഡിൽ കുടിവെള്ളമെത്തിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും ഉയരുന്നുണ്ട്.