നാളെ ഉദ്ഘാടനം ചെയ്യുന്ന പെരിങ്ങോം ഗവ. താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയം.
ചെറുപുഴ: പെരിങ്ങോം ഗവ. താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയം ഉദ്ഘാടനം നാളെ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും.
പെരിങ്ങോം ടൗണിൽ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 2.19 ഏക്കർ സ്ഥലത്ത് രണ്ട് നിലകളിലായി 12 കോടി രൂപ നബാർഡ് പദ്ധതിയിലുൾപ്പെടുത്തിയാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. എട്ട് ഡോക്ടർമാരുൾപ്പെടെ 54 സ്ഥിരം തസ്തികകളും 20 താത്കാലിക ജീവനക്കാരുമുണ്ട്.
ബേസ്മെന്റ് ഫ്ലോറിൽ അടിയിന്തര ചികിൽസാ വിഭാഗങ്ങളും രോഗികളെ തരംതിരിച്ച് ചികിൽസ നൽകാനുള്ള ട്രയാജറും, ഡോക്ടർമാരുടെ പരിശോധനാ മുറികൾ, നഴ്സിംഗ് സ്റ്റേഷൻ, മൈനർ ഓപ്പറേഷൻ തിയറ്റർ, പ്ലാസ്റ്ററിംഗ് റൂം, ഒബ്സർവേഷൻ റൂം എന്നിവയാണുള്ളത്. ഒന്നാം നിലയിൽ വാർഡുകളും മറ്റ് പരിശോധനാ സംവിധാനങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേകം വാർഡുകൾ, ഏഴ് ഒപി കൗണ്ടറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
വിശാലമായ വെയിറ്റിംഗ് ഏരിയ, ആധുനിക എക്സറേ യൂണിറ്റ്, ഫാർമസി, സ്റ്റോർ റൂം എന്നിവയുമുണ്ട്. ഇതോടൊപ്പം ടി.ഐ. മധുസൂദനൻ എംഎൽഎ യുടെ ഇടപെടലിന്റെ ഭാഗമായി അരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും നടക്കും. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. ലളിത, പി.വി. തമ്പാൻ, ഡോ. പി.കെ. പ്രശാന്ത്, ടി.കെ. രാജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Peringom Govt. Taluk Hospital nattuvishesham local news