കൈപ്പറന്പിൽ കാട്ടുപന്നികളെ വെടിവച്ചിട്ടപ്പോൾ.
കൈപ്പറമ്പ്: കൈപ്പറമ്പ് പഞ്ചായത്തിലെ കാർഷിക മേഖലയിൽ ഭീതിവിതച്ച കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ചിട്ടു. എറണാകുളത്തു നിന്നുള്ള വിദഗ്ധ ഷൂട്ടർ സംഗീതിന്റെ നേതൃത്വത്തിലാണ് ആറമ്പിള്ളി, പുത്തൂർ, പേരാമംഗലം മേഖലകളിൽ നാശം വിതച്ചിരുന്ന പതിനെട്ടോളം കാട്ടുപന്നികളെ വകവരുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആറമ്പിള്ളിയിൽ മാത്രം ഇരുന്നൂറോളം നേന്ത്രവാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. കൃഷിനാശം പതിവായതോടെ പഞ്ചായത്ത് ഭരണസമിതി നേരിട്ട് ഇടപെട്ട് ഷൂട്ടർമാരെ വരുത്തുകയായിരുന്നു. കർഷകനായ അമ്പാടി പുത്തൂരിന്റെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു പന്നി വേട്ട.
പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ലിന്റി ഷിജു, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.വി. കുര്യാക്കോസ് എന്നിവരുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കി. വന്യമൃഗശല്യം തടയാൻ കർശന നടപടികൾ തുടരുമെന്നും, നാശനഷ്ടം സംഭവിച്ച കർഷകർക്ക് കൃഷി വകുപ്പിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പുന്നയൂർക്കുളം: പുന്നയൂർക്കുളത്ത് എട്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. മാസങ്ങളായി മേഖലയിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായിരുന്നു കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാൻ ഷൂട്ടർമാരെ നിയോഗിച്ചത്.
നാക്കോല, അണ്ടത്തോട് പാലംപരിസരം എന്നിവിടങ്ങളിലാണ്കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. അംഗീകൃത ഷൂട്ടര്‍മാരായ ജിമ്മി ജോൺ, ഇ.ഐ.അലക്സ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹസൻ നേതൃത്വം നല്കി.
Tags : Pig hunting nattuvishesham local news