പുതിയകാവിൽ പില്ലർ ഹൈവേ ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിയ പ്രതിഷേധയോഗം സി. ആർ. മഹേഷ് എംഎൽ ഉദ്ഘാടനം ചെയ്യുന്നു.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഷെയ്ക്ക് മസ്ജിദിന്റെ മുൻവശം മുതൽ പുതിയകാവ് പൂച്ചക്കടവ് ജംഗ്ഷൻ വരെ സൈഡ് ഭിത്തി സ്ഥാപിച്ച് മണ്ണിട്ട് നിറച്ച് നിർമിക്കുന്ന ഉയരപ്പാലത്തിനു പകരമായി പില്ലർ ഹൈവേ സ്ഥാപിക്കണമെന്ന് സി. ആർ. മഹേഷ് എംഎൽഎ ആവശ്യപ്പെട്ടു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പുതിയകാവിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധയോഗവും മെഴുകുതിരി പ്രകാശിപ്പിച്ചു നടന്ന പ്രതിഷേധ ജ്വാല തെളിയിക്കലും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അശാസ്ത്രീയവും അപകടസാധ്യത ഉള്ളതുമായ ഉയർന്ന സൈഡ് ഭിത്തിയോട് കൂടിയ പാലം ജനം ഭയത്തോടെ കൂടിയാണ് കാണുന്നതെന്നും പല സ്ഥലത്തും ഇത്തരം പാലങ്ങൾ പൊളിഞ്ഞു വീണ് ഉണ്ടായ അപകടങ്ങൾ ജനങ്ങളുടെ ഭയം വർധിപ്പിച്ചിരിക്കുകയാണെന്നും സി. ആർ. മഹേഷ് പറഞ്ഞു.
യാതൊരു ആവശ്യവും ഇല്ലാത്ത സ്ഥലങ്ങളിൽ പില്ലർ പാലങ്ങൾ പണിയുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ പണിയാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനകീയ സമരസമിതി ചെയർമാൻ കെ.എസ്. പുരം സുധീർ അധ്യക്ഷത വഹിച്ചു.വികസനത്തിന് വലിയ സാധ്യതയുള്ള പുതിയകാവ് ജംഗ്ഷനിൽ നാടിനെ വെട്ടി മുറിക്കുന്ന തരത്തിലുള്ള ഉയർന്ന പാലം വരുന്നത് എന്നന്നേക്കുമായി പുതിയകാവി െ ന്റ വികസന മുരടിപ്പിന് കാരണമാകുമെന്നാണ് ജനകീയ സമിതി ആരോപിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പള്ളികൾ, നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തുകൂടി അപകടസാധ്യതയുള്ള പാലം വരുന്നത് വൻ ദുരന്തമുണ്ടാക്കുമെന്നും ജനകീയ സമിതി അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീം മണ്ണിൽ, വരുൺ ആലപ്പാട്, പഞ്ചായത്ത് പ്രസിഡന്റ് അരുൺരാജ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ വി. ഗോപൻ, ശരവണൻ, എം. എ. സലാം, പ്രസേനൻ, വി. രവികുമാർ, നാസർ കുരുടയ്യം, കെ. എം. നൗഷാദ്, കെ. ജെ. മേനോൻ, അൻസർ കൊച്ചുകുട്ടിൽ, ഷംനാസ് റാഷിദ് വാലയിൽ, ആദിനാട് നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam