വാഴക്കുളം: ഭക്ഷ്യോത്പന്നങ്ങൾ വില്പന നടത്തി നേടുന്നതിൽ ഒരു വിഹിതം സഹജീവികൾക്കു കൈത്താങ്ങു നൽകി മാതൃകയാകുകയാണ് ഓള് കേരള പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷൻ.
അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വാഴക്കുളം പൈനാപ്പിള്‍ മര്‍ച്ചന്റ്സ് ചാരിറ്റി ഓര്ഗനൈസേഷന്ചാരിറ്റി പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകി സദാ കർമനിരതമാണ്.
നിരവധി പേർക്ക് ചികിത്സ സഹായം, കുട്ടികൾക്ക് പഠന സഹായോപകരണങ്ങൾ, വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങിയവയും അസോസിയേഷനിൽ നിന്ന് നൽകി വരുന്നു. കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് 5 പേർക്ക് അമ്പതിനായിരം രൂപ വീതം വീട് അറ്റകുറ്റപ്പണികൾക്കും ചികിത്സ സഹായമായും ചാരിറ്റി ഓർഗനൈസേഷനിൽ നിന്നു നൽകി.
അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നിര്‍മിച്ചുനല്‍കുന്ന ഏഴാമത് പൈനാപ്പിള്‍ സ്നേഹവീടിന്റെ താക്കോല്‍ദാനം നാളെ നടത്തുകയാണ്. രാവിലെ 8.30ന് വാഴക്കുളം മെതിപ്പാറപാറയില് ഡീന്‍ കുര്യാക്കോസ് എംപി താക്കോല്‍ദാനം നിര്‍വഹിക്കും.
അസോസിയേഷന് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ചാരിറ്റി ലോഗോ പ്രകാശനവും ഫണ്ട് സ്വീകരണവും നിര്‍വഹിക്കും.
മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍ ലാപ്ടോപ് വിതരണം നിര്‍വഹിക്കും. പഞ്ചായത്തംഗം ഡെയ്സി ജെയിംസ്, പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോര്‍ജ് തോട്ടുമാരിയില്‍, ഡ്രൈവേഴ്സ് യൂണിയന് സെക്രട്ടറി പി.കെ. കൃഷ്ണന് കുട്ടി, ജ്വാല പ്രസിഡന്റ് ഒ.എം. ജോര്‍ജ്, എം.കെ. മധു, ജിന്റോ ടോമി, അനുരാജ് പായിപ്ര, അസോസിയേഷന് സെക്രട്ടറി ജോസ് വര്‍ഗീസ്, ട്രഷറര്‍ ജോസ് മോനിപ്പിള്ളില്‍,ജോയിന്റ് സെക്രട്ടറി ഷൈജി മലേക്കുടിയില്‍, ഭരണസമിതിയംഗങ്ങളായ ജെയ്സണ്‍ ജോസ്, ജിമ്മി ജോര്‍ജ്, മാത്യു ജോസഫ്, സാലസ് അലക്സ്, ഷൈന്‍ ജോണ്‍, പി.സി ജോണ്‍, പൈനാപ്പിള്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഭരണസമിതിയംഗങ്ങളായ എം.പി. തോമസ്,കെ.ജെ ജെയിംസ്, ഡിവിന് ജോസ്, സിജോ ജോര്‍ജ്, എം.എന്‍ ഷാജി, സജി പോള്‍, പോള്‍ മാത്യു, ജിമ്മി തോമസ്, തുടങ്ങിയവര്‍ പ്രസംഗിക്കും.
വിധവയും രോഗിയുമായ വീട്ടമ്മയ്ക്കാണ് പത്തുലക്ഷത്തോളം രൂപ മുടക്കി വീടു നിർമിച്ചു നൽകുന്നത്. മൂന്നു സെന്റിലെ ദുർഘടാവസ്ഥയിലായിരുന്ന പഴയ വീട് നീക്കം ചെയ്ത് സ്ഥലം നിരപ്പാക്കി 600 സ്ക്വയർ ഫീറ്റിൽ പുതിയ വീട് നിർമിക്കുകയാണ് ചെയ്തത്.
വാഴക്കുളം എലുവിച്ചിറ കോളനിയിൽ രണ്ട്, ബാലഭവൻ റോഡിനു സമീപത്തുള്ള കോളനിയിൽ രണ്ട്, നടുക്കരയിൽ ഒന്ന്, മടക്കത്താനത്ത് ഒന്ന് എന്നിങ്ങനെ ആറു വീടുകളാണ് അസോസിയേഷൻ ചാരിറ്റി ഫണ്ടുപയോഗിച്ച് നേരത്തേ നിർമിച്ചു നൽകിയത്.
അനുയോജ്യമായ ഒരേക്കർ സ്ഥലം വാങ്ങി അർഹരായവർക്ക് 20 വീടുകൾ നിർമിച്ചു നൽകാനുള്ള പദ്ധതിയിലാണ് അസോസിയേഷൻ ഇപ്പോൾ.
Tags : nattu vishesham Pineapple Merchants Charity