മൂവാറ്റുപുഴ: ഗോഡൗണില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചു. ആയവന കടുംപടി മാണിക്യമംഗലത്ത് എം.എ. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കടുംപിടിയിലെ ഗോഡൗണിലാണ് ഞായറാഴ്ച രാത്രി 10.30ഓടെ തീപിടിത്തം ഉണ്ടായത്.
തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മൂവാറ്റുപുഴ, കല്ലൂര്‍ക്കാട് അഗ്നിശമന രക്ഷാസേന ചേര്‍ന്ന് തീ അണയ്ക്കുകയായിരൂന്നു. രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 4.30വരെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് കണക്കാക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിച്ച മാലിന്യങ്ങളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഗോഡൗണില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പഞ്ചായത്തില്‍ അടക്കം പരാതി നല്‍കുകയും അധികൃതര്‍ പിഴയീടാക്കി നടപടി സ്വീകരിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഗോഡൗണ്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Tags : nattu vishesham Plastic waste