എരുമേലിയിൽ പേരൂർത്തോട്- ഇരുമ്പൂന്നിക്കര റൂട്ടിൽ കാനനപാതയിലേക്ക് കടത്തിവിടാതെ അയ്യപ്പഭക്തരെ റോഡിന് കുറുകെ വടം കെട്ടി പോലീസ് തടഞ്ഞുനിർത്തിയിരിക്കുന്നു
എരുമേലി: പമ്പയിലും സന്നിധാനത്തും പരിധിയിൽ കൂടുതൽ ഭക്തരായതോടെ എരുമേലിയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്. എരുമേലി ടൗണും പരിസരങ്ങളും എരുമേലിയിലെ കാനനപാതയുടെ പ്രവേശന ഭാഗങ്ങളും സംഘർഷങ്ങളിൽ നിറയുമ്പോൾ റോഡുകളിൽ കുരുക്കുകളായി വാഹനങ്ങളും യാത്രക്കാരും അതീവ ദുരിതങ്ങളിൽ കഴിയുകയായിരുന്നു.
ഇന്നലെ എരുമേലിയിൽ രാവിലെ മുതൽ വൈകുന്നേരം വരെയും പോലീസ് കഠിന പ്രയത്നം ചെയ്താണ് ശബരിമല തീർഥാടകരെ വഴിയിലുടനീളം തടഞ്ഞത്. ഇങ്ങനെ ഒരു ദിവസം മൊത്തം ഇടതടവില്ലാതെ തടയേണ്ടി വന്നത് എരുമേലിയിൽ ശബരിമല സീസണിൽ ആദ്യമാണ്. റോഡിൽ കയർ കുറുകെ കെട്ടി നൂറുകണക്കിന് അയ്യപ്പഭക്തരെ ശബരിമല പാതയിലേക്ക് വിടാതെ പോലീസ് തടഞ്ഞു നിർത്തുമ്പോൾ പോലീസുകാരോട് അയ്യപ്പഭക്തർ മാത്രമല്ല നാട്ടുകാരും കയർത്തു. എല്ലാവരോടും പോലീസുകാർക്ക് പറയാൻ ഒറ്റ മറുപടിയാണ് ഉണ്ടായിരുന്നത്. പമ്പയിലും സന്നിധാനത്തും പരിധിയിൽ കൂടുതൽ ഭക്തരാണ്, ഇനിയും ആളുകൾ ചെന്നാൽ ദുരന്തത്തിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകും.
ഏതാനും സമയം കഴിഞ്ഞ് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തിരക്ക് കുറയുന്ന പ്രകാരം ഭക്തരെ കടത്തിവിടാമെന്ന് പോലീസുകാർ വിവിധ ഭാഷകളിൽ പറഞ്ഞുകൊണ്ടിരുന്നു. ജില്ലാ പോലിസ് മേധാവി എ. ഷാഹുൽ ഹമീദ് എരുമേലിയിൽ ക്യാമ്പ് ചെയ്താണ് പോലീസ് സേനയ്ക്ക് മേൽനോട്ടം നടത്തിക്കൊണ്ടിരുന്നത്.
നൂറുകണക്കിന് ആളുകൾ ക്കാണ് ഇന്നലെ എരുമേലിയിൽ കടുത്ത യാത്രാദുരിതം നേരിട്ടത്. അയ്യപ്പഭക്തർക്ക് മണിക്കൂറുകളോളം റോഡിൽ കഴിയേണ്ടി വന്നു. നടന്നുപോകുന്ന ഭക്തരാണ് ഏറെ സമയം റോഡുകളിൽ തടയപ്പെട്ടത്. ഒടുവിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് തിരക്കിന് അല്പം ശമനമായത്.
അടുത്ത ശബരിമല സീസണിൽ ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കാലോചിതമായി ശബരിമല ദർശന ക്രമീകരണം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ച് വിപുലമായ നിലയിൽ പരിഷ്കരിച്ച് കുറ്റമറ്റ സംവിധാനമാക്കണമെന്ന് അഭിപ്രായം ഇതോടെ ശക്തമായിരിക്കുകയാണ്. ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ പോലും ബുക്ക് ചെയ്യാൻ രാത്രിയിലാണ് സൗകര്യം ലഭിക്കുന്നത്.
ഇതാകട്ടെ തീരെ പരിമിതമാണ്. മുമ്പ് കാനനപാതയിൽ പോകുന്നവർക്ക് വെർച്വൽ ക്യൂ വഴി പാസ് എടുക്കേണ്ടതില്ലായിരുന്നു. എന്നാൽ ഇത്തവണ കാനനപാതയിൽ അത് നിർബന്ധമാക്കി. ദൂരങ്ങൾ താണ്ടി അതീവ പ്രയാസം നിറഞ്ഞ കാനനപാതയിൽ എത്തുന്നവർ ഈ നിബന്ധനകൾ അറിയാതെയാണ് എത്തുന്നത്. ഈ നിബന്ധനകൾ കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ നേരത്തേ അറിയിച്ച് പ്രചാരണം ചെയ്തിട്ടുമില്ല. കർണാടക, മഹാരാഷട്ര, ആന്ധ്രാപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പതിനായിരക്കണക്കിന് ഭക്തരാണ് സർക്കാർ സംവിധാനം കൃത്യമായി അറിയിക്കാത്തതുമൂലം എരുമേലിയിൽ എത്തി വലയുന്നത്.