കണമല: ശബരിമലയിൽ പോകണമെങ്കിൽ ഓൺലൈൻ മുഖേനെ കിട്ടിയ പാസ് കാട്ടണം. ഈ പാസ് ആകട്ടെ എത്ര ശ്രമിച്ചാലും കിട്ടുന്നുമില്ല. സംസ്ഥാനങ്ങൾ കടന്ന് എത്തി കാൽനടയായി വനപാതയിൽ എത്തുന്നവരോടാണ് പാസിന്റെ പേരിൽ ക്രൂരതയെന്ന് ആക്ഷേപം.
അതേസമയം വാഹനത്തിൽ പമ്പ റൂട്ടിൽ വരുന്നവരെ തടയുന്നുമില്ല. നടന്നു വരുന്നവരെ തടയുന്നത് ഹീനമായ പോലീസ് രാജ് ആണെന്ന് പരാതിയുമായി ഹൈന്ദവ സംഘടനകൾ. കഴിഞ്ഞ ദിവസം പമ്പാവാലി അഴുത ഇടത്താവളത്തിൽ പാസ് ഇല്ലാത്തതിന്റെ പേരിൽ അയ്യപ്പഭക്തരെ പോലീസ് തടഞ്ഞത് സംഘർഷമായി മാറി.
നൂറുകണക്കിന് ഭക്തരെ പോലീസ് തടഞ്ഞു. പാസ് ഇല്ലാത്തവരെ തിരിച്ചു അയച്ചു. ഇതോടെയാണ് സംഘർഷമായി മാറിയത്. വിവരം അറിഞ്ഞ് എത്തിയ ബിജെപി നേതാക്കൾ പോലീസ് തടഞ്ഞ അയ്യപ്പഭക്തരെ വനപാതയിൽ കയറ്റി വിട്ടു.
ഒപ്പം പോലീസും നേതാക്കളും തമ്മിൽ ഏറെ സമയം വാക്കേറ്റമായി മാറി. എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് വെർച്വൽ ക്യൂ ദർശനത്തിന് സ്പോട്ട് ബുക്കിംഗ് നടത്തി പാസ് വാങ്ങാൻ ഔദ്യോഗിക ഓൺലൈൻ സംവിധാനമുള്ളത്.
എരുമേലിയിൽ ഒരു ദിവസം ആയിരം എന്നാ നിലയിലാണ് പാസ് നൽകുന്നത്. എന്നാൽ, രാത്രിയിലാണ് പാസ് ലഭിക്കുക. ഓൺലൈൻ സംവിധാനം പകൽ സമയത്ത് നിശ്ചലമാണെന്ന് ഇത് സംബന്ധിച്ച് ആക്ഷേപമുണ്ട്.
പാസ് ഇല്ലാത്ത ആരെയും വനപാതയിൽ കടത്തി വിടേണ്ട എന്ന് തീരുമാനം വന്നതോടെയാണ് ഭക്തരെ തടയാൻ തുടങ്ങിയത്. ഇത് ക്രൂരത നിറഞ്ഞ നടപടി ആണെന്ന് വിവിധ ഹൈന്ദവ സംഘടനകൾ ആരോപിച്ചു.