കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദം രാഷട്രീയപ്പോരിലേക്ക്. സ്റ്റേഡിയം ഉടമസ്ഥരായ വിശാല കൊച്ചി വികസന അഥോറിറ്റിയും (ജിസിഡിഎ) സിപിഎമ്മും സ്പോണ്‍സറെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മറുവശത്ത് ജിസിഡിഎയ്ക്കും സര്‍ക്കാരിനുമെതിരെ ആരോപണവും പ്രതിഷേധവും ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.
യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ ഇന്നലെ ജിസിഡിഎയില്‍ പ്രതിഷേധം അരങ്ങേറി. നടപടി ക്രമങ്ങള്‍ പാലിച്ചാണ് സ്പോണ്സര്ക്ക് സ്റ്റേഡിയം നവീകരണത്തിന് വിട്ടു നല്‍കിയിട്ടുള്ളതെന്നാണ് ജിസിഡിഎയുടെ വിശദീകരണം. കരാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സ്പോര്‍ട്സ് ഫൗണ്ടേഷനുമായാണ്. നവീകരണ പ്രവര്‍ത്തനങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും പരസ്യ പ്രതിഷേധങ്ങളിലേക്ക് കടന്നതോടെയാണ് ജിസിഡിഎയുടെ ഭാഗത്തുനിന്നുമുള്ള പ്രതികരണം.
സ്റ്റേഡിയം വിട്ടുനല്‍കിയതിലും നവീകരണത്തിലും ദുരൂഹതകളില്ലെന്ന് ജിസിഡിഎ ആവര്‍ത്തിക്കുമ്പോഴും വിഷയം സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ്, ബിജെപി നീക്കം. അതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ക്രമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നവീകരണ പ്രവര്‍ത്തിയില്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ജിസിഡിഎയുടെ നീക്കം.
ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി ഇന്നലെ രാവിലെ സിപിഎം നേതൃത്വം ജില്ലാ ആസ്ഥാനത്ത് യോഗം ചേര്‍ന്നു. ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, ജിസിഡിഎ കൗണ്‍സില്‍ അംഗം കൂടിയായ പി.വി. ശ്രീനിജിന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്റ്റേഡിയം വിഷയത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിന് അവസരം നല്‍കരുതെന്നാണ് സിപിഎം നിര്‍ദേശം.
അറിയിപ്പ് ലഭിച്ചിട്ടില്ല: കെഎഫ്എ
മെസിയും അര്‍ജന്റീനയും വരുന്നുവെന്ന പേരില്‍ നടന്ന ഒരുക്കങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന് (കെഎഫ്എ) ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന്. ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. കെഎഫ്എയ്ക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ഇതില്‍ ലഭിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ കെഎഫ്എ, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറഷന് അവിടുന്ന് ഫിഫ ഈ രീതിയിലാണ് പോകേണ്ടിയിരുന്നത്. അതുണ്ടായില്ല. ഔദ്യോഗികമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ സ്റ്റേഡിയത്തിന്റെയടക്കം സുരക്ഷ വിലയിരുത്തിയ ശേഷമേ ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകുമായിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
കരാറില്‍ കൈയൊഴിഞ്ഞ് ജിസിഡിഎ
കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി കൈമാറിയതില്‍ സ്പോണ്സറുമായി കരാറില്ലെന്ന് ജിസിഡിഎ. കേരള സ്പോര്‍ട്സ് ഫൗണ്ടേഷനാണ്(കെസ്എഫ) ജിസിഡിഎ സ്റ്റേഡിയം നല്‍കിയിട്ടുള്ളത്. കെഎസ്എഫ് ആണ് സ്പോണ്സര്ക്ക് സ്റ്റേഡിയം കൈമാറിയിരിക്കുന്നത്. മാർച്ചില്‍ അര്‍ജന്റീന ഫുട്ബോൾ ടീം വന്നാല്‍ സ്പോണ്സര്ക്ക് സ്റ്റേഡിയം വിട്ടുനല്‍കുമെന്നും ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു.
സ്പോണ്സര് തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ല: കെ. ചന്ദ്രന്‍പിള്ള
സ്റ്റേഡിയം നവീകരണത്തില്‍ സ്പോണ്സര് തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്ന് ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുണ്ട്. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നുണ്ട്. മരം മുറിച്ചത് ചുറ്റുമതില്‍ നിര്‍മിക്കാനാണ്. ഇത് അനുവാദത്തോടെയാണ്. അല്ലാതെ നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കും. നിലവിലെ ഹാലജന്‍ ലൈറ്റുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുകയാണ് ഇപ്പോള്‍. ജിസിഡിഎ ഇതില്‍ നേരിട്ട് പണം മുടക്കുന്നില്ല.
സ്റ്റേഡിയത്തിന്റെ പെയിന്റിംഗ് മാറ്റിയതില്‍ അടക്കം മറ്റ് ദുരൂഹതകളില്ല. സ്റ്റേഡിയം നവീകരണത്തിന് എത്ര രൂപയാണ് ചെലവഴിക്കുന്നതെന്ന് ജിസിഡിഎയ്ക്ക് അറിയില്ല. അതേസമയം ഇതു കണക്കാക്കാന്‍ ജിസിഡിഎ പ്രതിനിധിയടക്കമുള്ള മൂന്നംഗ സമിതിയുണ്ട്.
കോണ്‍ഗ്രസിന്റെ മുതലെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ക്രിമിനില്‍ കുറ്റമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. മെസി വരും, മാര്‍ച്ചില്‍ കളി നടക്കും. ഡിസംബറില്‍ ഐഎസ്എലും നടക്കും.
Tags : Local News Ernakulam Kaloor Stadium