മീനങ്ങാടി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിൻ
മീനങ്ങാടി: പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യത്തൊട്ടികൾ നിറഞ്ഞുകവിഞ്ഞിട്ടും നീക്കം ചെയ്യാത്തതിനാൽ ദുർഗന്ധം വമിക്കുന്നതായി യാത്രക്കാർ പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ അവശിഷ്ടങ്ങളും നിക്ഷേപിക്കാനായി സ്ഥാപിച്ച പാത്രങ്ങളിൽ വേർതിരിവില്ലാതെ മാലിന്യം തള്ളുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. ബസ് സ്റ്റാൻഡിൽ മാത്രം നാലോ അഞ്ചോ മാലിന്യ നിക്ഷേപ പാത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയും നിറഞ്ഞുകവിഞ്ഞ നിലയിലാണ്.
ടൗണിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച മറ്റ് പാത്രങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. മുൻപ് ആഴ്ചയിൽ ഒരിക്കൽ സ്ഥിരമായി മാലിന്യം നീക്കം ചെയ്തിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി ശേഖരണം ക്രമരഹിതമാണെന്നാണ് പരാതി. മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് തെരുവുനായകളും മറ്റു ജീവികളും മാലിന്യം സമീപത്ത് നിരത്തുന്നതും പതിവായതായി നാട്ടുകാർ ആരോപിക്കുന്നു. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പഞ്ചായത്ത് അധികൃതർ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച് മാലിന്യ ശേഖരണം സമയോചിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Wayanad