ഹെൽത്തി കേരള കാമ്പയിൻ പൂഞ്ഞാർ നിയോജകമണ്ഡലതല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കുന്നു.
മുണ്ടക്കയം: ഭാരതീയ ചികിത്സാവകുപ്പ് ആയുർവേദ വിഭാഗത്തിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹെൽത്തി കേരള കാമ്പയിന്റെയും എക്സ്പോയുടെയും പൂഞ്ഞാർ നിയോജകമണ്ഡലതല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ മുഖ്യപ്രഭാഷണം നടത്തി.
പൂഞ്ഞാർ ആയുർവേദ എപ്പിഡമിക് സെൽ ചെയർമാൻ ഡോ. പദ്മനാഭൻ, ജില്ലാ പഞ്ചായത്തംഗം ശ്രീകല, പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നമ്മ വർഗീസ്, അമ്പിളി സജീവൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ക്ലിന്റ് അരീപ്ലാക്കൽ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോഫി ജോസഫ്, സിനിമോൾ തടത്തിൽ, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
ആരോഗ്യകരമായ ഭക്ഷണരീതികളെ പരിചയപ്പെടുത്തുന്ന പ്രദർശനവും ജീവിതശൈലീ രോഗനിർണയ ക്യാമ്പും യോഗ ഡാൻസും പരിശീലനവും നടത്തി.
ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും ആരോഗ്യ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ക്വിസ് മത്സര വിജയികൾക്ക് എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.