തിരുവല്ല: അഭിനവ ക്രിസ്തുദര്‍ശനം പുതിയ രൂപത്തിലും ഭാവത്തിലും ലോകത്തിനു നല്കിയ ഫ്രാന്‍സിസ് പാപ്പ ക്രിസ്തുവിന്റെ കാരുണ്യത്തെ ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു എന്നും ഹൃദയത്തില്‍ നിന്നാണ് കാരുണ്യം ഒഴുകേണ്ടതെന്ന് പഠിപ്പിച്ചതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈഎംസിഎ ദേശീയ കൗണ്‍സിലിന്റെയും ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ജീവിതവും സാക്ഷ്യവും സെമിനാറും അനുസ്മരണവും ബിലീവേഴ്സ് ആശുപത്രി ആംഫി തിയേറ്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമത്വത്തിന്റെ ശുശ്രൂഷയാണ് ക്രൈസ്തവ സഭ നിര്‍വഹിക്കേണ്ട ദൗത്യം എന്ന് തന്റെ ജീവിതസാക്ഷ്യത്തിലൂടെ പഠിപ്പിച്ച മഹാനായിരുന്നു ഫ്രാന്‍സിസ് പാപ്പ എന്നും അദ്ദേഹത്തിന്റെ ജീവിതം നിരന്തരം നമ്മെ വെല്ലുവിളിക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു
വൈഎംസിഎ ദേശീയ ട്രഷറാര്‍ റെജി ജോര്‍ജിന്റെ അധ്യക്ഷത വഹിച്ചു . ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി. മാര്‍ ശാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലിത്ത അനുഗ്രഹ സന്ദേശം നല്കി. ഫാ. ബിജു പി. തോമസ് രചിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ സ്നേഹത്തിന്റെ പ്രകാശ ഗോപുരം എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലിത്ത മാര്‍ ശാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നല്കി പ്രകാശനം ചെയ്തു.
ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സഭകളുടെ ദേശീയ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ഡോ. പോള്‍ മണലില്‍ ഫാ. ബിജു പി.തോമസ് . സംഘാടക സമിതി ചെയര്‍മാര്‍ ഫാ. സിജോ പന്തപ്പള്ളില്‍ ജനറല്‍ കണ്‍വീനര്‍ ലിനോജ് ചാക്കോ , പ്രോഗ്രാം കണ്‍വീനര്‍ ജോജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Mar George Alencherry Local News Pathanamthitta Nattuvishesham