കോഴിക്കോട്: ജില്ലയില്‍ ട്രാഫിക് ബോധവത്കരണം കാര്യക്ഷമമായി നടക്കുമ്പോഴും നടപ്പാത കയ്യേറിയുള്ള പാര്‍ക്കിംഗും വാഹനമോടിക്കലും തുടരുന്നു. എരഞ്ഞിപ്പാലം മിനി ബൈപാസിൽ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ച് നിയമലംഘനം നടത്തിയ ആളെ വയോധികയായ പ്രഭാവതി തടഞ്ഞത് വാർത്തയായതോടെ തുടർനടപടിയുമായി അധികൃതർ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും നിയമലംഘനങ്ങള്‍ തുടരുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുമൂലം കടുത്ത നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍.
എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്കു സമീപം മുതൽ എരഞ്ഞിപ്പാലം ഭാഗത്തേക്കുള്ള നടപ്പാതയിൽ 300 മീറ്റർ ദൂരത്തിൽ വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാൻ പൊതുമരാമത്ത് വിഭാഗം ഒമ്പത് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു. എരഞ്ഞിപ്പാലം മിനി ബൈപാസിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഈ നടപ്പാത വഴിയാണ് ഇരുചക്രവാഹനങ്ങൾ പോകുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ദുരിതമായിരുന്നു.
ഇവിടെ മാത്രമല്ല, കോംട്രസ്റ്റ് പരിസരം, പുതിയറ റോഡ്, എന്നിവിടങ്ങളിലും നിയമലംഘനം പതിവാണ്. ഇതിനെ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.റോഡിൽ സീബ്രാലൈനിൽ നിർത്തുകയോ ലൈനിൽ ഒന്നര മീറ്റർ അകലം പാലിക്കാതെ നിർത്തുകയോ ചെയ്താൽ നടപടി എടുക്കുമെന്ന് ഏന്ഫോഴ്സ് മെന്റ് അറിയിച്ചിട്ടുണ്ട്.
സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ. നിയമ ലംഘനം കാമറയിൽ പതിഞ്ഞാൽ ഇ- ചെലാൻ വഴി വാഹന ഉടമയ്ക്ക് പണമടക്കാം.14 ദിവസത്തിനകം എൻഫോഴ്സ്മെന്റ് ഓഫീസില്‍ പിഴ അടയ്ക്കാം.90 ദിവസത്തിനു ശേഷം പിഴ അടച്ചില്ലെങ്കിൽ പിന്നീട് ജില്ലാ സെഷൻസ് കോടതിയിലേക്ക് നിയമലംഘനം നടത്തിയ റിപ്പോര്‍ട്ട് കൈമാറും.
Tags : Local News Nattuvishesham Kozhikode