എടത്വ: ആരും സംരക്ഷിക്കാനില്ലാത്ത പ്രസാദ് കഴിയുന്നത് കാന്‍സര്‍ രോഗവുമായി പ്ലാസ്റ്റിക്കുകൊണ്ട് മറച്ച വീട്ടില്‍. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാടയ്ക്കല്‍ പ്രസാദ് (63) ആണ് ആരും ആശ്രയമില്ലാതെ കാന്‍സര്‍ രോഗത്തോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഭാര്യയുടെ ജീവന് കവര്‍ന്ന കാന്‍സര്‍ പ്രസാദിനെയും ബാധിക്കുകയായിരുന്നു.
ഉപജീവനമായ മരപ്പണിക്കു പോകാനും കഴിയാതെ വന്നതോടെ പ്രസാദിന്റെ ജീവിതം തീര്‍ത്തും വഴിമുട്ടി. 2018-ലെ മഹാപ്രളയകാലത്ത് കിടപ്പാടവും വിലപ്പെട്ട രേഖകളും നഷ്ടമായി. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു 9 വര്‍ഷം മുമ്പാണ് ഭാര്യ മരിച്ചത്. മക്കളും വിട്ടുപോയതോടെ തനിച്ചായതായി പ്രസാദ് പറയുന്നു.
വീട് നിന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൂടാരമാക്കി താമസിച്ചു വരുകയായിരുന്നു. ആറുമാസം മുമ്പ് വായില്‍ അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ പ്രസാദിനെ ഡോക്ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ വച്ചാണ് വായ്ക്കുള്ളില്‍ കാന്‍സര്‍ സ്ഥിതീകരിച്ചത്. ചികിത്സ വേണ്ടപോലെ നടക്കാഞ്ഞതിനെത്തുടര്ന്ന് രോഗം മൂര്‍ഛിച്ചു.
സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കൂരയില്‍ ചുരുണ്ടുകൂടി ദിവസങ്ങള്‍ തള്ളിനീക്കുകയാണ് പ്രസാദ്. സമീപവാസികള്‍ നല്കുന്ന അന്നം മാത്രമാണ് ആശ്രയം.
പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ പ്രസാദിനില്ല. സന്നദ്ധ സംഘടനകള്‍ പ്രസാദിനെ അഗതി മന്ദിരത്തിലേക്ക് മാറ്റാന്ശ്രമിച്ചെങ്കിലും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുടെ അഭാവവും കാന്‍സര്‍ രോഗവും പ്രതിസന്ധി സൃഷ്ടിക്കുകയാണ
Tags : local nattuvishesham plastic