വലിയപറമ്പുംകരിയിൽ പൂത്തോട്ടൽ സജിയുടെ വീട്ടിലെ കിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കണ്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ പെട്
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പുംകരിയിൽ വീട്ടു കിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തി. സമീപത്തെ പെട്രോൾപമ്പിൽനിന്ന് ഒഴുകിയെത്തിയ ഡീസലാണ് കിണറ്റിൽ കലർന്നെതെന്ന് നാട്ടുകാർ പറയുന്നു. പൂത്തോട്ടൽ സജിയുടെ വീട്ടിലെ കിണറാണ് ഡീസൽ കലർന്ന നിലയിൽ കണ്ടത്. കഴിഞ്ഞ ശനിയാഴ്ച കിണറ്റിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കാൻ നെറ്റ് മാറ്റി നോക്കിയപ്പോഴാണ് ഡീസലിന്റേതിന് സമാനമായ പാടയും മണവും അനുഭവപ്പെട്ടത്.
വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന് രുചി വിത്യാസം ഒന്നും അനുഭവപെട്ടിരുന്നില്ല എന്നാണ് വീട്ടുകാർ പറയുന്നത്. ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെയും പോലീസിന്റെയും സാന്നിധ്യത്തിൽ കിണറിലെ വെള്ളം വറ്റിച്ച് പരിശോധിച്ചതിൽ ഡീസലിന്റെ മണവും പാടയും കണ്ടെത്തി. കിണറ്റിലേക്കുള്ള നീരുറവയിലും ഡീസലിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു. കിണറ്റിലെ വെള്ളം കൂടുതൽ പരിശോധനയ്ക്കായി അധികൃതരുടെ സാന്നിധ്യത്തിൽ ശേഖരിച്ചു.
കഴിഞ്ഞ മഴക്കാലത്തും സമാനമായ സംഭവം നടന്നിരുന്നു. സമീപത്തെ തോട്ടിൽ ഡീസൽ കലർന്നരുന്നു. പെട്രോൾ പമ്പിൽ നിന്നും ഡീസൽ കലർന്നതാണെന്ന് അന്നും ആരോപണം ഉയർന്നിരുന്നു. പമ്പ് അടച്ചിട്ട് പരിശോധന നടത്തിയതിൽ ടാങ്കിന് ചോർച്ച കണ്ടെത്തിയിരുന്നില്ല. എന്നാൽ, ആറുമാസത്തിനുള്ളിലാണ് വീണ്ടും സമീപത്തെ കിണറ്റിൽ ഡീസലിന്റെ സാന്നിധ്യം ഇപ്പോൾ കണ്ടെത്തിയത്.
പെട്രോൾ പമ്പിലെ ടാങ്ക് മാറ്റി സ്ഥാപിക്കുക മാത്രമാണ് പരിഹാരം എന്നാണ് ജനങ്ങൾ പറയുന്നത്.
കടുംബത്തിന് വീട്ടിലേക്ക് ഉപയോഗിക്കാൻ ആവശ്യമായ വെള്ളം എത്തിച്ചുകൊടുക്കുക, കിണറ്റിലെ വെള്ളം പരിശോധനക്ക് നൽകുക, ടാങ്ക് പുറത്തെടുത്ത് പരിശോധിക്കുക തുടങ്ങിയ അടിയന്തര നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് പമ്പ് ഉടമയ്ക്ക് നിർദേശം നൽകി.
പമ്പിലെ സ്റ്റോക്കിൽ കുറവില്ലെന്നും ,കിണറ്റിലെ വെള്ളത്തിൽ കലർന്നത് ഡീസൽ തന്നെയാണോ എന്ന് പരിശോധിക്കാൻ കന്പനി അധികൃതർ ഇന്ന് സ്ഥലത്തെത്തുമെന്നും പമ്പ് ഉടമ മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടുകാരും ഓയിൽ കമ്പനിയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് അയക്കുമെന്നും ഡീസൽ ആണെന്ന് കണ്ടെത്തിയാൽ പമ്പിലെ ഡീസലിന്റെ ഡെൻസിറ്റിയും കിണറിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ ഡെൻസിറ്റിയും ഒന്നായാൽ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് കമ്പിനി അധികൃതർ അറിയിച്ചിട്ടുള്ളതെന്നും ഉടമ പറഞ്ഞു.
അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് എം. കണ്ടതിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ്കുഞ്ഞ് തടത്തിൽ, മേരി റെജി, മേഴ്സി മരിയ, പഞ്ചായത്ത് അംഗങ്ങളായ ടോമി സൈമൺ, ഷിബോ അഗസ്റ്റിൻ, ഷമീന ടീച്ചർ, കരിക്കോട്ടക്കരി പോലീസ് എന്നിവർ സ്ഥലത്തെത്തി.