ഒറ്റപ്പാലം: സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ റോഡുകളിൽ ഭീതി ജനിപ്പിക്കുന്നു. അമിതവേഗതയിലുള്ള സഞ്ചാരമാണ് പൊതുജനങ്ങൾക്ക് ഭീഷണിയാവുന്നത്. സ്വകാര്യബസുകളിൽ യാത്ര ചെയ്യുന്നവർ ശ്വാസമടക്കിപ്പിടിച്ചാണ് ബസുകളിൽ ഇരിപ്പുറപ്പിക്കുന്നത്.
അതേസമയം മറ്റ് സ്വകാര്യബസുകളുമായുള്ള സമയത്തെച്ചൊല്ലിയുള്ള തർക്കവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള കൊമ്പുകോർക്കൽ മരണപ്പാച്ചിലായി മാറുന്ന സ്ഥിതിയുമുണ്ട്. അമിതവേഗതയിൽ സഞ്ചരിക്കുന്നതും സമയത്തെച്ചൊല്ലി ഇടയ്ക്ക് നിർത്തിയിട്ട് ജീവനക്കാർ തമ്മിൽ തർക്കിക്കുന്നതും ഇത് പിന്നീട് കൈയ്യാങ്കളിയിലേക്ക് എത്തുന്നതുമെല്ലാം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഇരുബസുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ ബസ് കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
സമയക്രമം പാലിക്കാൻ മത്സരിച്ച് ഓടുന്ന ബസുകളിൽ യാത്രക്കാർക്ക് ജീവൻ കൈയിൽ പിടിച്ചിരിക്കേണ്ട ഗതികേടാണ്. ഭീതിയോടെ ഇരിക്കുന്ന യാത്രക്കാർക്ക് പാതിവഴിയിൽ ഇറങ്ങേണ്ട സ്ഥിതിവരെ ഉണ്ടാകുന്നുവെന്നും പരാതിയുണ്ട്. ദീർഘദൂരബസുകൾ സമയംതെറ്റിച്ചു പായുന്നതും ലിമിറ്റഡ് സ്റ്റോപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമാണ് പ്രശ്നമാകുന്നത്. എല്ലാ ബസുകളും എല്ലാ സ്റ്റോപ്പിലും നിർത്തി യാത്രക്കാരെ കയറ്റുന്നത് ഹ്രസ്വദൂര ബസുകളുടെ വരുമാനത്തെ ബാധിക്കുന്നുവെന്നും പരാതിയുണ്ട്.
ബസ് ഉടമകൾക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ലിമിറ്റഡ് സ്റ്റോപ്പ് ബസിന് പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തേക്ക് ഒരു മണിക്കൂർ 10 മിനിറ്റ് സമയമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ബസുകൾ ഒരുമണിക്കൂറിൽ ഓടിയെത്തുകയാണ് പതിവ്. ഇതാണ് ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പാലക്കാട്-കുളപ്പുള്ളി പാതയിൽ എത്തുന്ന ബസുകളുമായി തർക്കത്തിന് ഇടയാക്കുന്നത്.
പ്രധാനപാതയിൽ ഹ്രസ്വദൂര ബസുകൾക്ക് അനുവദിക്കപ്പെട്ട സമയത്ത് ദീർഘദൂര ബസുകൾ എത്തുമ്പോൾ വരുമാനം കുത്തനെ കുറയുന്നതായാണ് ഉടമകളുടെ ആക്ഷേപം.
പെർമിറ്റ് മാനദണ്ഡങ്ങൾ പാലിച്ച് ഓടണമെന്ന ഹൈക്കോടതി ഉത്തരവുകൾപോലും ദീർഘദൂര ബസുകൾ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മാസങ്ങൾക്ക് മുമ്പ് പാലക്കാട്-പട്ടാമ്പി റൂട്ടിൽ ഓടുന്ന ബസും പത്തിരിപ്പാല-ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ബസും തമ്മിൽ സമയത്തെച്ചൊല്ലി തർക്കമുണ്ടാവുകയും പാലപ്പുറം ചിനക്കത്തൂർകാവ് സ്റ്റോപ്പിൽ നിർത്തിയിട്ട് തർക്കം നടക്കുകയും ചെയ്തിരുന്നു.
ബഹളം മൂർഛിക്കവേ പെരിങ്ങോട്ടുകുറുശി നടുവത്ത്പാറ സ്വദേശിയായ കണ്ടക്ടർ കുഴഞ്ഞുവീണു മരിക്കുകയും ചെയ്തു. വകുപ്പ് അധികൃതരുടെയും പോലീസിന്റെയും ഇടപെടലുകൾ തീരെ കുറയുന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.