രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായുള്ള പോലീസ് വാഹനത്തിനു മുമ്പില്‍ പ്രതിഷേധിക്കുന്നവര്‍.
പത്തനംതിട്ട: അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും. ഡിവൈഎഫഐ, യുവമോര്‍ച്ച സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. മജിസ്ട്രേറ്റിന്റെ വീടിനു മുമ്പിലും എംഎല്‍എയ്ക്കെതിരേ പ്രതിഷേധമുണ്ടായി.
ഇന്നലെ പുലര്‍ച്ചെ പാലക്കാട്ടു നിന്ന് കസ്റ്റഡിയിലെടുത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ 5.15 ഓടെ പത്തനംതിട്ടയിലെത്തിച്ചു. എആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി 11.30 ഓടെയാണ് രാഹുലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് ജീപ്പ് എത്തിയതും പ്രതിഷേധം ഇരമ്പി. ജീപ്പിന്റെ വാതില്‍ തുറക്കാനാവാത്തവിധം പ്രവര്‍ത്തകര്‍ വളഞ്ഞു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസ് വലയത്തിലൂടെ രാഹുലിനെ ആശുപത്രിയിലേക്ക് കയറ്റി. ഈസമയം പ്രവര്‍ത്തകര്‍ കൂവി വിളിച്ചു.
ഇടയ്ക്ക് പോലീസുമായി തര്‍ക്കവും കൈയാങ്കളിയും ഉണ്ടായി. കൂടുതല്‍ സേന ആശുപത്രിയിലെത്തിയാണ് പ്രതിഷേധക്കാരെ ഒതുക്കിയത്. രാഹുലിനെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാക്കാനും വാഹനം തടയാനുമായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. പോലീസ് ജീപ്പിന് മുന്നിലും പ്രവര്‍ത്തകര്‍ നിരന്നു.
ഇതിനിടെ, രാഹുലിനെ ബി ആന്‍ഡ് സി ബ്ലോക്കിന്റെ വാതിലിലൂടെ പുറത്തിറക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ രണ്ട് വാതിലിന് മുന്നിലും തമ്പടിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊതിച്ചോര്‍ ഉയര്‍ത്തിയും രാഹുലിനെതിരേ മുദ്രാവാക്യം വിളിച്ചു. ജനറല്‍ ആശുപത്രിയിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണത്തെ മുമ്പ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ : പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷനും
പത്തനംതിട്ട: പ്രവാസി യുവതിയുടെ പരാതിയില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവല്ല ഫസ്റ്റ് ക്ലാസ് ജൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുക. അതിനിടെ, രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘവും ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
ജൂഡീഷല്‍ കസ്റ്റഡിയില്‍ വിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലെ സെല്‍ നമ്പര്‍ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യപരിശോധനക്ക് ശേഷമാണ് രാഹുലിനെ ജയിലിലേക്ക് മാറ്റിയത്. സാധാരണ നിലയില്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുക.
എന്നാല്‍ ആശുപത്രിയില്‍ രാഹുലിനെതിരേ പ്രതിഷേധം ഉണ്ടായേക്കാമെന്നു കണ്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.
താന്‍ തിരിച്ചുവരുമെന്ന് രാഹുല്‍
പത്തനംതിട്ട: താന്‍ തിരിച്ചുവരുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തോടു പറഞ്ഞു. രാവിലെ പാലക്കാട്ടു നിന്നു പത്തനംതിട്ടയിലെത്തിച്ചപ്പോള് അഭിഭാഷകനുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതോടെയാണ് എംഎല്‍എ താന്‍ പുറത്തുവരുമന്ന് ഭീഷണി മുഴക്കിയത്. ഫോണിന്റെ ലോക്ക് അഴിക്കാനും വിസമ്മതിച്ചു.
അറസ്റ്റ് നിയമപരമല്ലെന്ന പക്ഷമാണ് രാഹുലിന്റെ അഭിഭാഷകര്ക്കുമുള്ളത്. നിലവില്‍ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുള്ള ഒരാളെ അറസ്റ്റ് ചെയ്തതിനെ നിയമപരമായി നേരിടുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.
ഡിഎന്‍എ പരിശോധനയും ഉണ്ടാകും
പീഡന പരാതിയില്‍ രാഹുലിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ലൈംഗികശേഷി ഉള്‍പ്പെടെ പരിശോധിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി രാഹുലിന്റെ രക്തസാമ്പിളും ശേഖരിച്ചു.
ആശുപത്രി പരിസരത്തെ പ്രതിഷേധക്കാരെ ഒഴിവാക്കി പോലീസ് ജീപ്പ് പിന്നിലേക്ക് എടുത്ത് ആശുപത്രി വാതിലിനോടു ചേര്‍ത്തുനിര്‍ത്തി. ജീപ്പിന്റെ പുറകിലെ വാതിലിലൂടെയാണ് രാഹുലിനെ കയറ്റിയത്.
പോലീസും പ്രതിഷേധക്കാരും പ്രധാനവാതിലിന് മുന്നില്‍ കൂട്ടംകൂടിയതോടെ സ്ട്രെക്ചറിലും വീല്‍ച്ചെയറിലും എത്തിയ മറ്റു രോഗികള്‍ ആശുപത്രിക്ക് ഉള്ളിലേക്കും പുറത്തേക്കും കടക്കാന്‍ പ്രയാസപ്പെട്ടു. ഒപിയില്‍ എത്തിയവര്‍ പോലീസ് വലയത്തിനുള്ളിലൂടെ പണിപ്പെട്ടാണ് ആശുപത്രിയിലേക്ക് കടന്നത്. രാഹുലുമായി അതിവേഗം പുറപ്പെട്ട ജീപ്പിനുപിന്നാലെ പ്രവര്‍ത്തകര്‍ കുറേ ഓടി. വെട്ടിപ്രത്ത് മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ഉന്തിലും തള്ളിലും പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂഹ്മാന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ. രാഹുലുമായി പത്തനംതിട്ടയിലേക്ക് എസ്ഐടി വരുന്ന വിവരം പുലര്‍ച്ചെ മാത്രമാണ് ലോക്കല്‍ പോലീസ് അറിഞ്ഞത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലയിലെ മറ്റ് സറ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥരെ പത്തനംതിട്ടയിലേക്ക് എത്തിച്ചിരുന്നു.
Tags : Local News Nattuvishesham Pathanamthitta Rahul Mamkootathil