പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ മൈലാടി മലയോടു ചേർന്നുള്ള സ്ഥലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ ജനകീയസമിതിയുടെ സമ
എതിർപ്പ് മറികടന്ന് പദ്ധതി ആരംഭിച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി സമര രംഗത്തേക്ക്
മലപ്പുറം: പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അറവങ്കര - അരിന്പ്ര റോഡിൽ മൈലാടിക്കും ചെറുവെള്ളൂരിനുമിടയിൽ ആരംഭിക്കാനിരിക്കുന്ന സ്വകാര്യ മലിനജല സംസ്കരണ പ്ലാന്റിനെതിരേ നാട്ടുകാർ സമരരംഗത്തേക്ക്. വരാനിരിക്കുന്ന വൻകിട പദ്ധതി ജനവാസ പ്രദേശത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രൂപീകരിച്ച ജനകീയ സമരസമിതി സമരപ്രഖ്യാപന കണ്വൻഷൻ സംഘടിപ്പിച്ചു.
അറവങ്കര ചെറുവെള്ളൂർ മദ്രസ പരിസരത്ത് സംഘടിപ്പിച്ച കണ്‍വൻഷനിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ മൈലാടി മലയോടു ചേർന്നുള്ള സ്ഥലത്ത് സ്വകാര്യ ഭൂമിയിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ ശ്രമം നടക്കുന്നത്.
ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യമുൾപ്പെടെയുള്ള മലിനജലം ടങ്കർ ലോറികളിൽ കൊണ്ടുവന്ന് സംസ്ക്കരിക്കുന്നതാണ് പദ്ധതി. അഞ്ച് ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ ഉതകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി സ്വകാര്യ ഭൂമിയിൽ പ്രഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മലഞ്ചെരുവിൽ അനധികൃതമായി ചെങ്കല്ല് വെട്ടിയാണ് പ്ലാന്റിന് സ്ഥലമൊരുക്കുന്നതെന്ന് നാട്ടുകാരും സമര സമിതി ഭാരവാഹികളും പറഞ്ഞു. ജനവാസ പ്രദേശത്ത് വൻതോതിൽ മലിനജലം കൊണ്ടുവന്ന് സംസ്കരിക്കുന്നത് പ്രദേശത്തെ മലിനമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
പ്രദേശത്ത് ഇത്തരമൊരു പ്ലാന്റിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ, ജിയോളജി വിഭാഗം, പൊലൂഷൻ കണ്ട്രോൾ ബോർഡ് എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയിട്ടുണ്ട്.
ജനങ്ങളുടെ എതിർപ്പ് മറികടന്ന് പദ്ധതി ആരംഭിക്കുകയാണെങ്കിൽ ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങാൻ സമര പ്രഖ്യാപന കണ്‍വൻഷനിൽ തീരുമാനമായി. കെ.പി. ഉണ്ണീതുഹാജി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം പനയ്ക്കൽ ഗോപാലൻ അധ്യക്ഷത വഹിച്ചു. വി.പി. സലീം സമര പ്രഖ്യാപനം നടത്തി. ഇ.പി. ബാലകൃഷ്ണൻ, പറാഞ്ചേരി അബ്ദുൾ ഹമീദ്, പി. അബ്ദുറഹ് മാൻ, പി. രാംദാസ്, വി.പി. സുമയ്യ, ഗഫൂർ പടീകുത്ത്, ഷുഹൈബ്, കുഞ്ഞിമാൻ മൈലാടി എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram