കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ മാർക്കറ്റിനു സമീപം ടീ കമ്പനി എന്ന പേരിൽ പ്രവർത്തിക്കുന്ന സ്നാക്സ് കഫേയിൽ അക്രമം നടത്തുകയും ഉടമയെയും, ആസാം സ്വദേശിയായ തൊഴിലാളിയെയും പരിക്കേല്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. പൊന്നാനി കരിയൻപറമ്പിൽ ശ്രീശാന്ത് (19), പാലക്കാട് കല്ലത്തൂർ കണ്ണമീന്റെ വീട്ടിൽ മുഹമ്മദ് (22), കോഴിക്കോട് ഇരിങ്ങൽ സുമഷാസ് മൻസിലിൽ ആസാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി ഏഴോടെയാണ് കേസിന് ആസ്പദമായ സംഭവം. കാക്കനാട് ഇൻഫോപാർക്കിനുള്ളിലെ ഐടി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഷവർമ കടയിലെ ജീവനക്കാരാണ് ടീ കമ്പനിയെന്ന സ്നാക്സ് കഫേയിൽ ആക്രമണം നടത്തിയത്.
യുവാക്കൾ പണം നൽകാതിരുന്നതു ചോദ്യം ചെയ്ത കടയുടമ കാക്കനാട് അത്താണി കാവലാട്ട് വീട്ടിൽ അൻസി(35)ലിനെയും ആസാം സ്വദേശിയായ അബ്ബാസിനെയുമാണ് മർദിച്ചത്. പ്രതികൾ പിടിയിലായ വിവരമറിഞ്ഞ് വ്യാപാരികൾ കൂട്ടത്തോടെ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : nattu vishesham Protesters arrested