മുക്കം നഗരത്തിലെ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാൻ ആധുനിക സംവിധാനം ഉപയോഗിച്ച് പൈപ്പുകൾ സ്ഥാപിക്കുന്നു.
മുക്കം: മുക്കം ടൗണിൽ രണ്ടര വർഷമായി നിലച്ചു കിടക്കുന്ന ശുദ്ധജല വിതരണം പുനരാരംഭിക്കാൻ നടപടിയായി. കോടികൾ മുടക്കി നവീകരിച്ച നഗരത്തിലെ റോഡ് വെട്ടിപ്പൊളിക്കാതെ പിസി ജംഗ്ഷനിൽ പുതിയ സാങ്കേതിക വിദ്യയോടെ പുതിയ പൈപ്പുകൾ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത്. കുടിവെളളം വിതരണം ചെയ്യുന്ന പൈപ്പ് രണ്ടര വർഷം മുമ്പ് പൊട്ടിയതോടെയാണ് നഗരത്തിലെ ശുദ്ധജല വിതരണം നിലച്ചത്.
ഇതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവയ്ക്ക് പുറമേ ഗാർഹിക ഉപഭോക്താക്കളും ജല അഥോറിറ്റിയുടെ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. പിസി ജംഗ്ഷൻ മുതൽ ആലിൻ ചുവട് ഓർഫനേജ്, മാർക്കറ്റ് റോഡ്, പെരളിയിൽ, മൂലത്ത്, വണ്ടൂർ, പുതിയ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജല വിതരണമാണ് തടസപ്പെട്ടിരുന്നത്. കാലപ്പഴക്കം ചെന്നതും വ്യാസം കുറവായതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയായിരുന്നു ഏക പരിഹാരം.
മുക്കം ടൗൺ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച റോഡ് കുത്തിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതോടെ അറ്റകുറ്റപ്പണി നടത്താനോ പൈപ്പ് മാറ്റി സ്ഥാപിക്കാനോ സാധിക്കാതെയായി. റിസ്റ്റൊറേഷൻ ചാർജായും സെക്യൂരിറ്റി ഡിപ്പോസിറ്റായും മൂന്ന് ലക്ഷത്തോളം രൂപയാണ് പിഡബ്ല്യുഡി ചോദിച്ചിരുന്നത്.
തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ നഗരസഭയിലെ ഇടത് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൊടുവള്ളിയിലെ ജല അഥോറിറ്റി എൻജിനീയറുടെ ഓഫീസിന് മുന്നിൽ ധർണയും നടത്തിയിരുന്നു. എന്നിട്ടും അധികൃതർ കണ്ണ് തുറന്നില്ല. ഇതോടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
തുടർന്ന് കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കാത്തതിനെതിരേ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് അധികൃതർ തുടർനടപടി സ്വീകരിച്ചത്. പ്രവൃത്തി പൂർത്തിയായാൽ ഉടനെ ഉപഭോക്താക്കൾക്ക് കുടിവെള്ളം ലഭിക്കും.
Tags : Local News Nattuvishesham Kozhikode