വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന തലശേരി അതിരൂപതാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
തലശേരി: തലശേരി അതിരൂപതാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമം വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ജാതിമത ചിന്തകൾക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമാണ് ജനപ്രതിനിധികൾ മുൻഗണന നൽകേണ്ടതെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
കാർഷികമേഖല മുന്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലാണ്. വന്യമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവും കടബാധ്യതകളും അവരുടെ ജീവിതത്തെ ദുസഹമാക്കിയിരിക്കുകയാണ്. വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ജനപ്രതിനിധികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്തുവിന്റെ നേതൃശൈലി നൽകുന്ന സന്ദേശം എല്ലാവരോടും ഒപ്പം നടക്കുന്നതും ചേർത്തു നിർത്തുന്നതും വളർത്തുന്നതുമായ ശൈലിയാണെന്നും അത് പിന്തുടരാൻ ജനനേതാക്കൾ പരിശ്രമിക്കണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.
അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, സജീവ് ജോസഫ് എംഎൽഎ, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, അതിരൂപത വൈസ് ചാൻസലർ ഫാ. സുബിൻ റാത്തപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി സ്വാഗതവും വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ ജനപ്രതിനിധികൾ പങ്കെടുത്തു.