ചവറ: കഴിഞ്ഞ 10 വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനൊപ്പം അവയെ മത്സരക്ഷമവുമാക്കിയെന്ന് മന്ത്രി പി രാജീവ്. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെഎംഎംഎൽ എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് എന്നിവയ്ക്കായി നിർമിച്ച കെട്ടിടങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. 2024 -25 സാമ്പത്തിക വർഷത്തെ കെഎംഎംഎൽ നേടിയ ലാഭവിഹിതം 4.64 കോടി രൂപ സംസ്ഥാന സർക്കാരിനു വേണ്ടി ഏറ്റുവാങ്ങി.
ആംബുലൻസിന്റെ താക്കോൽ കൈമാറ്റം ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കെഎംഎംഎല്ലുമായി സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ ടെസ്റ്റ് ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ധാരണ പത്രവും ചടങ്ങിൽ ഒപ്പുവച്ചു. കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ പി പ്രദീപ്കുമാർ, ഡി പി ടി ചെയർമാൻ കെ. അജിത് കുമാർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കോർഡിനേറ്റർ അമ്പിളി പിള്ള തുടങ്ങിയവർ പങ്കെടുത്തു.